ആയിരത്തി എട്ട് ശിവലിംഗങ്ങളുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ആയിരത്തി എട്ട് ശിവലിംഗങ്ങളുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സേലത്തുനിന്നു പതിനാലു കിലോമീറ്റര്‍ അകലെ അരിയന്നൂര്‍ എന്ന സ്ഥലത്താണ് ഏറെ പ്രശസ്തമായ ആയിരത്തെട്ടു ലിംഗം ക്ഷേത്രം.ഒരു പ്രധാന ലിംഗത്തിനു ചുറ്റും 1007 ലിംഗങ്ങള്‍ എന്ന രീതിയില്‍ ക്രമീകരിച്ച 1008 ശിവലിംഗങ്ങളാണ് ഇവിടത്തെ പ്രത്യേകത.ആയിരത്തി എട്ടാമത്തെ ലിംഗത്തിനൊപ്പം നന്ദിയുടെ പ്രതിമയുമുണ്ട്.2010 ല്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം വിനായക മിഷനു കീഴിലാണ്.

ക്ഷേത്രത്തിന്റെ പ്രധാന കവാടം കടന്നയുടന്‍ ഒരു ഗണപതിപ്രതിമ കാണാം.പ്രദേശവാസികളുമായി സംസാരിക്കുന്നത് നല്ല അനുഭവമായിരിക്കും. വാഹനങ്ങള്‍ താഴെ പാര്‍ക്ക് ചെയ്യാം.മുകളിലേക്ക് ഡ്രൈവ് ചെയ്ത് പോകാനും സൗകര്യം ഉണ്ടെങ്കിലും നടന്നു പോകുന്നതാണ് ഏറ്റവും നല്ലത്.മുഴുവന്‍ ശിവലിംഗങ്ങളും കണ്ടു കണ്ട് കാല്‍നടയായി മുകളിലേക്ക് കയറിപ്പോകുന്നത് നല്ല അനുഭവമായിരിക്കും.പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന വഴിയിലൂടെയാണ് യാത്ര.

 

ശിവന്റെ ആയിരം നാമങ്ങളെ അടിസ്ഥാനമാക്കിയാണ് ആയിരം ലിംഗങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.മുകളിലേക്ക് കയറിക്കയറി പോകുമ്പോള്‍ ഈ ലിംഗങ്ങള്‍ ഒന്നൊന്നായി കാണാം.വേണമെന്നുള്ളവര്‍ക്ക് ഇവിടെ പ്രാര്‍ഥിക്കാം.സംഗഗിരി പര്‍വതനിരകളുടെ ഗംഭീരമനോഹരമായ പശ്ചാത്തലം കൂടിയാകുമ്പോള്‍ എന്തെന്നില്ലാത്ത ശാന്തിയാണ് ഈ യാത്ര നല്‍കുക.മനോഹരമായ മുരുക ശില്‍പങ്ങളും ഈ വഴിയില്‍ കാണാം.മുകളില്‍ പ്രധാന ദേവതയായ ഉമയാംബിക സമേതനായ ശ്രീ അരുണാചല സുന്ദരേശ്വരന്റെ പ്രതിമയുണ്ട്.17 മീറ്റര്‍ നീളമുള്ള വമ്പന്‍ പ്രതിമയാണിത്.ഫൊട്ടോഗ്രഫി, വിഡിയോഗ്രാഫി എന്നിവ ഇവിടെ അനുവദനീയമാണ്.ബാഗുകളും മറ്റും സൂക്ഷിക്കാനുള്ള സൗകര്യവും ഫുഡ് സ്റ്റാളുകളും ഉണ്ട്.

സേലത്തുനിന്നു 14 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു എന്നതിനാല്‍ ഇങ്ങോട്ടേക്ക് എത്തിച്ചേരാനും എളുപ്പമാണ്.ടാക്‌സി,ഓട്ടോ എന്നിവ കിട്ടും. സ്വകാര്യ വാഹനങ്ങളും അനുവദനീയമാണ്.നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലം ആണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.ഊത്തുമലയ്, ഗവണ്മെന്റ് മ്യൂസിയം,കുറുംബപട്ടി സുവോളജിക്കല്‍ പാര്‍ക്ക്,കലങ്ങി സിദ്ധര്‍ ക്ഷേത്രം,പരവസ ഉലഗം തുടങ്ങി സേലത്ത് സന്ദര്‍ശിക്കാന്‍ നിരവധി സ്ഥലങ്ങള്‍ വേറെയും ഉണ്ട്.