പ്രതിഫലം കുറച്ച് മോഹന്‍ലാല്‍: പ്രമുഖ നടന്‍മാര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു

പ്രതിഫലം കുറച്ച് മോഹന്‍ലാല്‍: പ്രമുഖ നടന്‍മാര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു

കൊച്ചി: 2 പ്രമുഖ നടന്‍മാര്‍ കോവിഡിനു മുന്‍പുള്ള കാലത്തെക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതിനാല്‍ അവരെ കേന്ദ്ര കഥാപാത്രമാക്കി ആസൂത്രണം ചെയ്ത 2 പുതിയ സിനിമകളുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം. പുതിയ ചിത്രങ്ങളുടെ ചെലവുകള്‍ പരിശോധിക്കുന്നതിനായി ഉപസമിതിയെയും നിയോഗിച്ചു. ജിഎസ്ടിക്കു പുറമേ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിനോദ നികുതി പിന്‍വലിക്കാതെ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്നും അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. മോഹന്‍ലാലിന്റെ 'ദൃശ്യം 2' ഉള്‍പ്പെടെ 11 പുതിയ ചിത്രങ്ങളുടെ നിര്‍മാണച്ചെലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണു നിര്‍വാഹക സമിതി പരിശോധിച്ചത്.

കോവിഡ് കാലത്തിനു മുന്‍പു ചെയ്ത സിനിമയില്‍ ലഭിച്ചതിനെക്കാള്‍ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണു മോഹന്‍ലാല്‍ ദൃശ്യം 2ല്‍ അഭിനയിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം നിര്‍മാതാക്കളുടെ സംഘടനയുടെ അഭ്യര്‍ഥന പ്രകാരം പ്രതിഫലം ഗണ്യമായി കുറയ്ക്കാന്‍ തയാറായപ്പോള്‍ മറ്റു 2 നടന്‍മാര്‍ പഴയതിനെക്കാള്‍ കൂടിയ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണു യോഗം വിലയിരുത്തിയത്. 45 ലക്ഷം രൂപ വാങ്ങിയിരുന്ന നടന്‍ 50 ലക്ഷവും 75 ലക്ഷം വാങ്ങിയിരുന്ന നടന്‍ ഒരു കോടിയും പ്രതിഫലം ചോദിച്ചതായാണു യോഗം കണ്ടെത്തിയത്. തുടര്‍ന്ന് 2 ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ക്കു കത്ത് അയയ്ക്കാനും  തീരുമാനിച്ചു.