റഷ്യന്‍ പ്രതിപക്ഷ നേതാവിന് നല്‍കിയത് നാഡികളെ തളര്‍ത്തുന്ന മാരക വിഷം

റഷ്യന്‍ പ്രതിപക്ഷ നേതാവിന് നല്‍കിയത് നാഡികളെ തളര്‍ത്തുന്ന മാരക വിഷം

റഷ്യയിലെ പ്രതിപക്ഷത്തിന്‍റെ  കരുത്തനായ നേതാവും പ്രസിഡന്‍റ് പുടിന്‍റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവല്‍നിക്ക് (44) നല്‍കിയത് നാഡികളെ തളര്‍ത്തുന്ന നൊവിചോക് എന്ന മാരക വിഷമാണെന്ന് സ്ഥിരീകരിച്ച് ജര്‍മനി. നവല്‍നിയെ ഇപ്പോള്‍ ചികിത്സിക്കുന്ന ബര്‍ലിനിലെ ആശുപത്രി അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. അലക്‌സി നവല്‍നിയ്ക്കു നേരേ നടന്നത് വധശ്രമമാണെന്നും റഷ്യ ഉത്തരം പറയണമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പ്രതികരിച്ചു.

കോളിനെസ്റ്ററേസ് ഇന്‍ഹിബിറ്റര്‍ വിഭാഗത്തില്‍ പെടുന്ന രാസപദാര്‍ഥങ്ങളില്‍ നിന്നുള്ള കൂടിയ അളവിലുള്ള വിഷം നവല്‍നിയുടെ ശരീരത്തില്‍ കലര്‍ന്നതായി ഇതേ ആശുപത്രിയില്‍ വച്ചു നടത്തിയ ക്ലിനിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നുവെങ്കിലും ഏത് പദാര്‍ത്ഥമാണ് ശരീരത്തില്‍ എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് നവല്‍നിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.