അയ്യോ, അള്‍ട്ടോയുടെ  വില്‍പ്പന മാരുതി നിര്‍ത്തി !

അയ്യോ, അള്‍ട്ടോയുടെ  വില്‍പ്പന മാരുതി നിര്‍ത്തി !

മാരുതി സുസുക്കിയുടെ ബജറ്റ് ഹാച്ച്ബാക്ക് മോഡലായ അള്‍ട്ടോ കെ10 മോഡലിന്‍റെ നിര്‍മ്മാണവും വില്‍പ്പനയും മാരുതി സുസുക്കി അവസാനിപ്പിച്ചു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ നീക്കം ചെയ്തു.

കെ10നു വിപണിയില്‍ കാര്യമായ വില്പന ഇല്ലാത്തതും പുതിയ മലിനീകരണ നിയന്ത്രണം ആയ ബി എസ് 6ലേക്ക് വാഹനം ഉയര്‍ത്തുമ്പോള്‍  വില വളരെയധികം കൂടും എന്നതും കണക്കിലെടുത്താണ് ഈ വാഹനത്തിന്‍റെ വില്‍പ്പന അവസാനിപ്പിക്കാന്‍ മാരുതി തീരുമാനിച്ചിരിക്കുന്നത്.

മാത്രമല്ല അടുത്തിടെ മാരുതി അവതരിപ്പിച്ച മിനി എസ്യുവി മോഡലായ എസ്-പ്രെസ്സോയുടെ വരവും അള്‍ട്ടോ K10 -ന്‍റെ വില്‍പ്പന അവസാനിപ്പിക്കുന്നതിനു പിന്നിലുണ്ട്.2000 -ലാണ് ആദ്യ അള്‍ട്ടോ ഹാച്ച്ബാക്കിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോയെ അവതരിപ്പിച്ചു. 2010ല്‍ അള്‍ട്ടോ K10 ആദ്യ തലമുറ വിപണിയില്‍ എത്തി.ആദ്യ അള്‍ട്ടോ കാര്‍ നിരത്തിലെത്തി അടുത്തിടെ 20വര്‍ഷം തികഞ്ഞിരിക്കുന്നു. ഇതുവരെ ഈ ഹാച്ച് ബാക്കിന്റെ  38 ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലും അള്‍ട്ടോയാണെന്ന് മാരുതി സുസുക്കി പറയുന്നു.