വിദേശവനിത കരാട്ടെയാണെന്നറിഞ്ഞില്ല: 'ആള്‍ദൈവം' ചട്ടിയിലായി

വിദേശവനിത കരാട്ടെയാണെന്നറിഞ്ഞില്ല: 'ആള്‍ദൈവം' ചട്ടിയിലായി

ആത്മീയ അന്വേഷണത്തിനായിട്ടായിരുന്നു അമേരിക്കാന്‍ യുവതി തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരിയിലെത്തിയത്. സൗകര്യം കിട്ടിയപ്പോള്‍ വിദേശ വനിതയെ കയറിപിടിച്ച സ്വയം പ്രഖ്യാപിത സ്വാമി കരാട്ടെയുടെ രുചിയറിഞ്ഞു. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ആയോധന കലയില്‍ വിദഗ്ധയായ യുവതി മര്‍ദിച്ചവശനാക്കിയ ശേഷം, പൊലീസിന് കൈമാറി.തിരുവണ്ണാമലൈയിലാണ് സംഭവം. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഭാഗമായാണ് അമേരിക്കന്‍ പൗരയായ മുപ്പതുകാരി കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്ര നഗരിയില്‍ എത്തിയത്. ലോക്ഡൗണ്‍ വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി.

ആത്മീയതയില്‍  അതീവ താല്പര്യമുള്ള യുവതി രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം വീടിനു  പുറത്തു  നില്‍കുമ്പോള്‍ കാഷായ വസ്ത്രങ്ങളും നിറയെ രുദ്രാക്ഷ മാലകളും അണിഞ്ഞ യുവാവ് യുവതിയെ ആക്രമിച്ചു.വാടക വീടിനുളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ആയിരുന്നു ശ്രമം. തുടക്കത്തിലെ അമ്പരപ്പ്  മാറിയ  യുവതി അതിക്രമം ചെറുത്തു. ആയോധന കലയില്‍ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തില്‍ യുവാവിന് സാരമായി പരുക്കേറ്റു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ ആയ യുവാവിനെ പൊലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി കൈമാറി.