ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്ത് സിഐ ആയ അച്ഛന്‍: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്ത് സിഐ ആയ അച്ഛന്‍: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആന്ധ്രാപ്രദേശ് പൊലീസ് ഡിഎസ്പി ആയ മകളെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്യാം സുന്ദര്‍ സല്യൂട്ട് ചെയ്യുന്ന വൈകാരിക നിമിഷം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഡിഎസ്പി ജെസി പ്രശാന്തിയെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്യാംസുന്ദര്‍ സല്യൂട്ട് ചെയ്തത്. തിരുപ്പതിയില്‍ പൊലീസ് ട്രെയിനിങ് കേന്ദ്രത്തില്‍ സേവനം അനുഷ്ഠിക്കുകയാണ് ശ്യാംസുന്ദര്‍. 

2018 ല്‍ ജെസി ഡിഎസ്പിയായി ആന്ധ്ര പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗുണ്ടൂര്‍ ജില്ലയിലെ ഡിഎസ്പിയാണ് ശ്യാം സുന്ദറിന്റെ മകള്‍ ജെസ്സി പ്രശാന്തി. തിരുപ്പതിയില്‍ നടന്ന ഒരു പൊലീസ് മീറ്റില്‍ പങ്കെടുക്കാനാണ് ജെസി ഇവിടെയെത്തിയത്. ശ്യാംസുന്ദറും ഇതില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് വൈകാരികമായ സല്യൂട്ടിന് അരങ്ങൊരുങ്ങിയത്. 

പൊലീസ് ഡ്യൂട്ടി മീറ്റ് കുടുംബ സംഗമമായെന്നാണ് ചിത്രം പങ്കുവച്ച് ആന്ധ്രാ പൊലീസ് ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത്. ആ അച്ഛന് ലഭിക്കാവുന്ന ഏറ്റവും അഭിമാനകരമായ നിമിഷം എന്നാണ് ട്വിറ്റര്‍ കുറിച്ചത്. ജെസി പ്രശാന്തി തിരിച്ച് പിതാവിനേയും സല്യൂട്ട് ചെയ്തു. സംഭവം ശ്രദ്ധിച്ച തിരുപ്പതി എസ്പി രമേശ് റെഡ്ഢി ഇരുവരേയും അഭിനന്ദിച്ചു.