ഒരാഴ്ച്ച കൊണ്ട് റോസ്റ്റിംഗ് അര്‍ജുന് ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്

ഒരാഴ്ച്ച കൊണ്ട് റോസ്റ്റിംഗ് അര്‍ജുന് ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്

കോട്ടയം: വെറും ഒരാഴ്ച്ച കൊണ്ട് അര്‍ജുന്‍ സുന്ദരേശന്‍ എന്ന മലയാളി യൂട്യൂബിലെ താരമായി. ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചാണ് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന്‍ വീഡിയോകളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഈ ആശയം മലയാളത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് സജീവമാക്കിയ തന്‍റെ Arjyou എന്ന യൂട്യൂബ് അക്കൗണ്ടിന് തുടക്കത്തില്‍ വളരെ ചുരുക്കം കാഴ്ച്ചക്കാര്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്ന് അര്‍ജുന്‍ പറഞ്ഞു.

യൂട്യൂബിന് പിറകെ ഇന്‍സ്റ്റാഗ്രാമിലും വലിയ ആരാധക പിന്തുണയാണ് അര്‍ജുന് ഉള്ളത്. നിരവധി ആരാധക അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും വൈറലായതോടെ അര്‍ജുന്റെ പേരില്‍ പിറവിയെടുത്തു. ടിക്ക്‌ടോക് വീഡിയോകളെ പൊരിക്കുമെങ്കിലും തനിക്ക് ടിക്ടോക്ക് അക്കൌണ്ടില്ലെന്നും പക്ഷെ തന്‍റെ ചില വ്യാജ അക്കൌണ്ടുകള്‍ അവിടെ കറങ്ങിനടക്കുന്നുണ്ടെന്നും 'അര്‍ജ്യൂ' പറയുന്നു. ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ മൂന്നാംവര്‍ഷ ബി.എ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയായ അര്‍ജുന്‍ സുന്ദരേശന്‍ തുടര്‍ന്നും യൂട്യൂബില്‍ സജീവമാകാനാണ് ആലോചിക്കുന്നത്. സിനിമാ തിരക്കഥ, സംവിധാന മേഖലകളും കൈപിടിയിലാക്കാനുള്ള സ്വപ്നവും മനസ്സിലുണ്ടെന്ന് അര്‍ജുന്‍ പറയുന്നു.ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായ കുഞ്ഞാലി മരക്കാറിന്‍റെ ട്രെയിലറിന്‍റെ റെക്കാഡും അര്‍ജുന്‍ ഇപ്പോള്‍ നിഷ്പ്രഭമാക്കിയിരിക്കുന്നത്.

അര്‍ജുന്‍റെ അവസാനത്തെ വീഡിയോ പുറത്തിറങ്ങി കേവലം ഇരുപത്തി നാല് മണിക്കൂറു കൊണ്ട് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കാഴ്ചക്കാരുടെ എണ്ണം നാലര മില്യണോളമാണ്.മോഹന്‍ലാല്‍ ചിത്രം മരക്കാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മാര്‍ച്ച് ആറിനായിരുന്നു. ഈ ട്രെയിലര്‍ നിമിഷങ്ങള്‍ കൊണ്ടാണ് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയത്. ഇത് റെക്കാഡ് സൃഷ്ടിച്ചിരുന്നു. പിന്നീട് മാസങ്ങള്‍ കൊണ്ടാണ് ട്രെയിലര്‍ കാഴ്ചക്കാരുടെ എണ്ണം 4.4 മില്യണിലെത്തിച്ചത്. എന്നാല്‍ വെറും 24 മണിക്കൂര്‍ കൊണ്ട് അര്‍ജുന്‍റെ വീഡിയോ ഈ റെക്കാഡ് മറികടക്കുകയായിരുന്നു.