കേട്ടതൊക്കെ സത്യമല്ല, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ വിശദീകരണം

കേട്ടതൊക്കെ സത്യമല്ല, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ വിശദീകരണം

തൃപ്രയാറില്‍ നാടകവണ്ടിക്ക് പിഴ ഈടാക്കിയ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇപ്പോഴും ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ ഇത് സംബന്ധിച്ച വിശദീകരണം മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ യൂണിഫോം ധരിച്ചിരുന്നില്ല എന്ന കുറ്റത്തിന് 500 രൂപ പിഴ മാത്രമാണ് എ എം വി ഐ ഷീബ ഈടാക്കിയത്. ഇതിനുശേഷം വാഹനത്തിന് മുകളില്‍ വച്ചിട്ടുള്ള ബോര്‍ഡുകള്‍ പരസ്യമാണെങ്കില്‍ അനുവാദം വാങ്ങണമെന്നും എഎംവിഐ അറിയിച്ചു. എന്നാല്‍ അതിനുകൂടി പിഴ വാങ്ങണമെന്ന് ആരോ ഒരാള്‍ പറഞ്ഞതാണ് ഉദ്യോഗസ്ഥയെ പ്രകോപിച്ചതെന്നും വിശദീരണത്തിലുണ്ട്.

ഇത് സംബന്ധിച്ച് തൃശ്ശൂര്‍ ആര്‍ടിഒ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കരുതെന്നും ചെക്ക് റിപ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷണറുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇക്കാര്യം അശ്വതി നാടക കമ്പനിയെയും മറ്റുള്ളവരെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍, അഞ്ച് ദിവസത്തിന് ശേഷവും ഇത് വിവാദമായി തുടരുകയാണെന്നും പോസ്റ്റിലുണ്ട്.

അനാവശ്യ പരിശോധനകളും ചെക്ക് റിപ്പോര്‍ട്ടുകളും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെറും ഈഗോയുടെ പുറത്തല്ല ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യേണ്ടത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ മെമ്മോ നല്‍കി വിശദീകരണം ആവശ്യപ്പെട്ടുണ്ട്. തെറ്റ് ചെയ്തെന്ന് ബോധ്യമായാല്‍ അച്ചടക്ക നടപടിയും സ്വീകരിക്കും. ഇനിയെങ്കിലും തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.