ബെംഗളൂരു ലഹരിമരുന്ന് കേസ്;വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരൻ ആദിത്യ ആല്‍വ അറസ്റ്റിൽ 

ബെംഗളൂരു ലഹരിമരുന്ന് കേസ്;വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരൻ ആദിത്യ ആല്‍വ അറസ്റ്റിൽ 

ബെംഗളൂരു ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയും നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വ ചെന്നൈയില്‍ അറസ്റ്റിൽ. ആറാം പ്രതിയായ ആദിത്യ മാസങ്ങളായി ഒളിവിലായിരുന്നു. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റിലായത്. കര്‍ണാടക ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാനിയാണ് ആദിത്യ ആൽവ.

സെപ്റ്റംബര്‍ നാല് മുതല്‍ ആദിത്യ ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ 12 പേരെ അറസ്റ്റു ചെയ്തിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷിച്ചത്. ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ 1.25 കോടിയുടെ ലഹരിമരുന്ന് പിടിച്ചിരുന്നു.

കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ ആദിത്യ ആല്‍വ. ആദിത്യ ആല്‍വയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു പൊലീസ് ബോളിവുഡ് താരം വിവേക് ഒബറോയിയുടെ മുംബൈയിലെ വസതിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു.