ലക്ഷദ്വീപിലെ അധികമാരും യാത്ര ചെയ്യാത്ത ഇടം

ലക്ഷദ്വീപിലെ അധികമാരും യാത്ര ചെയ്യാത്ത ഇടം

ലക്ഷദ്വീപിലെ ഏറ്റവും കുഞ്ഞുദ്വീപുകളില്‍ ഒന്നായ ബിത്രയെക്കുറിച്ച് കേട്ടിട്ടുണ്ടോ?ആള്‍ത്താമസമുണ്ടെങ്കിലും ഇവിടെ ജനസംഖ്യ തീരെക്കുറ വാണ്.ഒട്ടനവധി കടല്‍പ്പക്ഷികളുടെ പ്രജനനസ്ഥലം കൂടിയാണ് ഈ ദ്വീപ്.

സ്വപ്നസമാനമായ ഈ ദ്വീപിലാണ് ലക്ഷദ്വീപിലെ ഏറ്റവും വലിയ ലഗൂണ്‍ സ്ഥിതി ചെയ്യുന്നത്.ഒരു വലിയ പവിഴ വലയത്തിന്റെ വടക്കുകിഴക്കന്‍ അറ്റത്തായാണ് ഇത്.പവിഴങ്ങളും ബഹുവര്‍ണ്ണമത്സ്യങ്ങളും നിറഞ്ഞ ഈ ദ്വീപിന്റെ ഒരു പ്രധാന ആകര്‍ഷണം പഴയ അറബ് സന്യാസിയായ മാലിക് മുല്ലയുടെ ആരാധനാലയമാണ്.മറ്റ് ദ്വീപുവാസികളുടെ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഇത്.

ബിത്രയില്‍ സ്ഥിരതാമസമാക്കിയ ആദ്യത്തെ ആള്‍ ഒരു വനിതയാണ് എന്നതും ശ്രദ്ധേയമാണ്.ചെത്ത്ലാട്ട് നിന്നുള്ള ഈ സ്ത്രീ ഏകദേശം 1945നോടടുത്താണ് സ്വന്തം മകനോടൊപ്പം ഇവിടേക്ക് കുടിയേറിയത്.

വിനോദ സഞ്ചാരികള്‍ക്കാവട്ടെ,ഡൈവിംഗും സ്നോര്‍ക്കെലിംഗും മറ്റു ജലവിനോദങ്ങളുമെല്ലാം ചെയ്യാനുള്ള സൗകര്യവുമുണ്ട്.ദമ്പതിമാര്‍ക്ക് ഹണിമൂണ്‍ ആഘോഷിക്കാനും പറ്റിയ ഇടമാണ് ബിത്ര ദ്വീപ്.

സസ്യജാലങ്ങളാല്‍ സമൃദ്ധമായതു കൊണ്ടുതന്നെ ബിത്ര ദ്വീപ് ഒരുകാലത്ത് 'ട്രീ ഐലഡ് എന്ന് അറിയപ്പെട്ടിരുന്നു.എന്നാല്‍ കുടിവെള്ളത്തിന്റെ അഭാവം ഇവിടെ മനുഷ്യവാസം ബുദ്ധിമുട്ടാക്കിയിരുന്നു.എന്നാല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ഗതാഗതമാര്‍ഗ്ഗങ്ങളുമെല്ലാം വന്നതോടെ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിലര്‍ ഇങ്ങോട്ടേക്ക് കുടിയേറി.

ലക്ഷദ്വീപിലെ മറ്റു ദ്വീപുകളായ ചെറ്റ്‌ലാട്ട്,ബംഗാരം, അഗത്തി,കടമത്ത്, കില്‍ത്താന്‍ തുടങ്ങിയവയെല്ലാം ബിത്രയുടെ 60 കിലോമീറ്റര്‍ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്.ബിത്രയുടെ തെക്കന്‍ തീരത്ത് ഒരു ചെറിയ ജെട്ടിയും പടിഞ്ഞാറന്‍ പോയിന്റില്‍ ഒരു ഹെലിപാഡും ഉണ്ട്.അഗത്തിയില്‍ വിമാനമിറങ്ങി ജലമാര്‍ഗ്ഗം ഇവിടെ എത്തിച്ചേരാം.

വര്‍ഷത്തില്‍ എല്ലാ മാസവും സന്ദര്‍ശിക്കാന്‍ പറ്റിയ കാലാവസ്ഥയാണ് ഇവിടെയുള്ളത്.കേരളത്തിനു സമാനമായ കാലാവസ്ഥ എന്ന് പറയാം. എന്നാല്‍ മഴക്കാലത്ത് കടല്‍ ക്ഷോഭിക്കുന്നതു കാരണം ലഗൂണിനു പുറത്തു ബോട്ടുകള്‍ അനുവദിക്കാറില്ല.

ഓര്‍ക്കുക:ലോകമെങ്ങും കൊറോണ വൈറസ് പടരുകയാണ്. അതിനാല്‍ യാത്രകള്‍ ഒഴിവാക്കുകയോ സുരക്ഷിതമാക്കുകയോ ചെയ്യണം.ഈ വിവരണത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ക്ക് അനുസൃതമായി യാത്ര ചെയ്യുമ്പോള്‍ യാത്ര നിരോധിതമാണോ സുരക്ഷിതമാണോ എന്ന് കൂടി പരിഗണിക്കേണ്ടതാണ്.സുരക്ഷിതമായ സമയത്ത് മാത്രം യാത്ര പ്ലാന്‍ ചെയ്യുക.