ഒഡിഷക്കുമുന്നിൽ ചരിഞ്ഞ കൊമ്പനായി ബ്ലാസ്റ്റേഴ്സ്

ബാംബൊലിന്‍: ഐഎസ്എല്ലില്‍ അനായാസം ജയിക്കുമെന്നുറപ്പിച്ച മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോല്‍വി. സീസണില്‍ ഇതുവരെ ഒരു മല്‍സരം പോലും ജയിക്കാനായിട്ടില്ലാത്ത ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയോടു മഞ്ഞപ്പട വന്‍ തോല്‍വിയേറ്റുവാങ്ങി. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റു തൊപ്പിയിട്ടത്. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമായിരുന്നു മഞ്ഞപ്പടയുടെ ദുരന്തം.
ഇരട്ടഗോളുകള്‍ നേടിയ ഡീഗോ മൊറീഷ്യോയാണ് ഒഡീഷയുടെ ഹീറോ. 50, 60 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. സ്റ്റീവന്‍ ടെയ്ലറാണ് (42) മറ്റൊരു സ്കോറര്‍. 22ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം ജീക്സണ് സിങിന്റെ സെല്‍ഫ് ഗോളും ഒഡീഷയുടെ വിജയത്തിന് മാറ്റുകൂട്ടി. ഏഴാം മിനിറ്റില്‍ ജോര്ഡന് മുറേയും 79ാം മിനിറ്റില്‍ ഗാരി ഹൂപ്പറുമാണ് തോല്‍വിയുടെ ആഘാതം കുറച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ മടക്കിയത്. ബ്ലാസ്റ്റേഴ്സ് ഉറപ്പായിട്ടും വിജയിക്കുമെന്ന് ആരാധകര്‍ മുഴുവന്‍ ഉറപ്പിച്ച മല്‍സരമായിരുന്നു ഇത്. കാരണം ലീഗില്‍ ഏറ്റവും മോശം ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ടീമായിരുന്നു ഒഡീഷ. അതുകൊണ്ടു തന്നെ കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ ബ്ലാസ്റ്റേഴ്സ് ജയവും വിലപ്പെട്ട മൂന്നു പോയിന്റും കരസ്ഥമാക്കുമെന്നു കിക്കോഫിനു മുമ്പ് തന്നെ ഫാന്‍സ് ഉറപ്പിച്ചിരുന്നു.
ഇതുശരിവയ്ക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. വിസില്‍ മുഴങ്ങി ഏഴാം മിനിറ്റില്‍ത്തന്നെ ഒഡീഷയുടെ വലയില്‍ പന്തെത്തി. വരാന്‍ പോവുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നു ഇതെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. ഫ്രീകിക്കിനൊടുവില്‍ മലയാളി താരം കെപി രാഹുലിന്റെ ഹെഡ്ഡര്‍ ഒഡീഷ ഗോളി അര്‍ഷ്ദീപ് സിങ് ഡൈവ് ചെയ്ത് തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് ചെയ്ത ബോള്‍ ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്നും മുറേ തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു.
22ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു കൊണ്ട് ഒഡീഷ ഗോള്‍ മടക്കി. സെല്‍ഫ് ഗോളിന്റെ രൂപത്തിലായിരുന്നു സമനില ഗോള്‍. വലതു വിങിലൂടെ ബോളുമായി ഓടിക്കയറിയ മൊറീഷ്യോ ബോക്സിനു കുറുകെ ക്രോസ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ബോള്‍ ജീക്സണിന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു (1-1).
നാലു മിനിറ്റിനകം ബ്ലാസ്റ്റേഴ്സിന്റെ നല്ലൊരു ഗോള്‍ ശ്രമം ഒഡീഷ ഗോളി അര്‍ഷ്ദീപ് വിഫലമാക്കി. വലതു വിങിലൂടെ ഡ്രിബ്ള്‍ ചെയ്തു കയറിയ ശേഷം രാഹുല്‍ തൊടുത്ത ഷോട്ട് അര്‍ഷ്ദീപ് രക്ഷപ്പെടുത്തുകയായിരുന്നു. 34ാം മിനിറ്റില്‍ ഒഡീഷയുടെ ഉറച്ച ഗോള്‍ ബ്ലാസ്റ്റേഴ്സ് ഗോളി ആല്‍ബിനോ ഗോമസിനു മുന്നില്‍ വിഫലമായി. മൊറീഷ്യോയുടെ കരുത്തുറ്റ ഷോട്ട് ഗോളി ആല്‍ബിനോ തട്ടിയകറ്റുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ മടങ്ങിവരവ് അസാധ്യമാക്കിക്കൊണ്ട് 10 മിനിറ്റിനകം ഒഡീഷ നാലാം ഗോളും നേടി. ഇത്തവണയും മൊറീഷ്യോയുടെ വകയായിരുന്നു ആഘോഷം. പ്രശാന്തിനെയും ബക്കാരി കോനെയെയും വെട്ടിയൊഴിഞ്ഞ് ബോക്സിന് തൊട്ടരികില്‍ വച്ച് മൊറീഷ്യോ തൊടുത്ത വെടിയുണ്ട ബ്ലാസ്റ്റേഴ്സ് വലകുലുക്കിയപ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു.
79ാം മിനിറ്റില്‍ ഗാരി ഹൂപ്പറിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. ആദ്യ ഗോളിന് അവകാശിയായ മുറേയായിരുന്നു ഇതിനു ചരടു വലിച്ചത്. വലതു വിങിലൂടെ ബോളുമായെത്തിയ മുറേയെ ഗൗരവ് ബോറ ടാക്കിള്‍ ചെയ്യുന്നു. എന്നാല്‍ പെട്ടെന്നു തന്നെ ഇതില്‍ നിന്നും രക്ഷപ്പെട്ട മുറേ ബോക്സിനകത്തുള്ള ഹൂപ്പറിന് ബോള്‍ കൈമാറി. അനായാസം താരം ലക്ഷ്യം കാണുകയും ചെയ്തു.