രക്തസാക്ഷി പട്ടികയിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പ്രധാനമന്ത്രി ഇടപെട്ട് നീക്കണമെന്ന് ശശികല ടീച്ചർ

രക്തസാക്ഷി പട്ടികയിൽ നിന്ന്   വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പ്രധാനമന്ത്രി ഇടപെട്ട് നീക്കണമെന്ന് ശശികല ടീച്ചർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ കുറിച്ചുള്ള പുസ്തകത്തില്‍ നിന്ന്  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പ്രധാനമന്ത്രി ഇടപെട്ട്   നീക്കം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. 

കെപി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്

: '' കേന്ദ്ര സർക്കാരിൻ്റെ സാംസ്കാരിക വകുപ്പും ഐസിഎച്ച്ആറും ചേർന്ന് തമിൾനാട് ,കേരള, ആന്ധ്ര, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ സമരവുമായി ബന്ധപ്പെട്ട രക്തസാക്ഷി പട്ടിക പുറത്തിറക്കിയതിൽ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസലിയാർ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു.

തുർക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങൾ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള.വാസ്തവത്തിൽ അത് ഇസ്ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയത് .അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കൾക്കാണ്. തികഞ്ഞ വംശഹത്യയാണ് മാപ്പിള ലഹളയിൽ നടന്നത്.

പിന്നീട് കേരളത്തിലെ ഭരണാധികാരികൾ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു. അതിനെ പിൻപറ്റിയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവിൽ സ്ഥാനം പിടിച്ചത് .

അലി മുഹമ്മദ് നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അൽത്താർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ റിസേർച്ച് ആൻ്റ് എഡിറ്റോറിയൽ ടീമാണ് ഇപ്പോഴത്തെ നിഘണ്ടുവിൽ ചരിത്ര വിരുദ്ധമായ ഈ വളച്ചൊടിക്കൽ നടത്തിയത്. ഇരകളാക്കപ്പെട്ട ജനതയോടുള്ള കൊടും ക്രൂരതയാണിത്. നാടിൻ്റെ സംസ്കാരത്തിലും പുരോഗതിയിലും ശാക്തീകരണത്തിലും ബദ്ധശ്രദ്ധ പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് സത്യത്തിനും ചരിത്ര വസ്തുതകൾക്കും വിരുദ്ധമായ ഈ നിഘണ്ടു പിൻവലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

സാംസ്കാരിക വകുപ്പും ഇന്ത്യൻ ചരിത്ര ഗവേഷക വകുപ്പും അവരുടെ തെറ്റു തിരുത്തി സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയിൽ നിന്നും വംശഹത്യ നടത്തിയ വാരിയൻ കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയേയും ആലി മുസലിയാരേയും ഒഴിവാക്കണം. ഈ പട്ടിക ഉൾപ്പെട്ട പുസ്തകം പിൻവലിക്കണം. അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണ്. മാത്രമല്ല യഥാർത്ഥ രക്തസാക്ഷികളുടെ മഹിമ കുറയാനും വിശ്വാസ്യത സംശയിക്കാനും ഈ ചരിത്ര നിഘണ്ടു ഇടയാക്കും''

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന സിനിമ ആഷിഖ് അബു പ്രഖ്യാപിച്ചത് മുതല്‍ ബിജെപി അടക്കമുളള സംഘടനകള്‍ സംസ്ഥാനത്ത് വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി അല്ലെന്നും മാപ്പിള ലഹള ഹിന്ദു വിരുദ്ധ കലാപമായിരുന്നുവെന്നുമാണ് ബിജെപിയുടെ ആരോപണം.

 

 പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ കേരളത്തിലെ സംഘ പരിവാറിന് അനഭിമതനായ മലബാർ കലാപത്തിൻ്റെ പടനായകൻ  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. ഡിക്ഷണറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പും ഇന്ത്യൻ കൌൺസി ഫോർ ഹിസ്റ്റോറിക്കൽ റിസർചും ചേർന്നാണ് ഗ്രന്ഥം പുറത്തിറക്കിയത്. അന്നത്തെ ബ്രിട്ടീഷ് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലുമൊക്കെയായി നടന്ന ബ്രിട്ടീഷ് വിരുദ്ധ രാജഭരണ വിരുദ്ധ പോരാട്ടങ്ങളിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച നൂറുകണക്കിന് രക്തസാക്ഷികളുടെ പേരും വിവരങ്ങളും പുസ്തകത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. 

2018ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൻ്റെ വ്യത്യസ്ത സരണികളില്‍  പങ്കാളികളായവരുടെ പേരാണ് പുസ്തകത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ മൊയ്ദീന്‍ ഹാജിയുടെയും ആമിനയുടെയും മകനായാണ് ജനിച്ചത് എന്ന് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലി മുസ്ലിയാരുടെ ബന്ധുവും സന്തത സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ അദ്ദേഹവും പിതാവും മക്കയിലേക്ക് നാടുകടത്തപ്പെട്ടു. പിന്നീട് മടങ്ങിയെത്തിയ അവര്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറിയെന്നും 1921ലെ മലബാർ കലാപത്തിൽ രക്തസാക്ഷിയായെന്നും പുസ്തകം വിവരിക്കുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനും ഹിന്ദുക്കളെ കൊന്നൊടുക്കിയ ആളുമാണെന്ന് കേരള സംഘപരിവാര്‍ നേതൃത്വം പ്രചരിപ്പിച്ചുകൊണ്ടിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പുറത്തിറക്കിയ പുസ്തകത്തില്‍ യഥാര്‍ത്ഥ വസ്തുത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു.