കള്ളുചെത്തുകാരന്റെ മകന് മുഖ്യമന്ത്രിയാകാം, തെങ്ങു കയറ്റക്കാരന്റെ മകന് ഡോക്ടറുമാകാം: പരിഹസിച്ചവരുടെ നാവിറങ്ങി

കോഴിക്കോട് : അവന് പഠിക്കാന്‍ പോയാല്‍ തെങ്ങുകയറുന്ന തൊഴിലൊക്കെ ഇനി ആര് ചെയ്യും'. അന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ജിതിന്റെ പേരിനൊപ്പമുള്ള ഡോക്ടര്‍ പദവി. തെങ്ങുകയറ്റക്കാരന് ചന്ദ്രന്റെ മകന് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി പഠനത്തിന് പോകുമ്പോൾ ചിലര്‍ ചോദിച്ചു, 'മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ വിടണോ? ഇതൊക്കെ നിന്നെക്കൊണ്ടു കൂട്ടിയാല്‍ കൂടുമോ?'. പി.ജി കഴിഞ്ഞ ശേഷം രാജ്യത്തെ തന്നെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐ.ഐ.ടിയില്‍ ഗവേഷണത്തിന് ചേര്‍ന്നപ്പോഴും പലരും ചോദ്യവുമായെത്തി, 'ചന്ദ്രന്റെ മകന് വല്യ പഠിത്തം പഠിക്കാന്‍ പോയി എന്ന് കേട്ടല്ലോ. അവന് പഠിക്കാന്‍ പോയാല്‍ തെങ്ങുകയറുന്ന തൊഴിലൊക്കെ ഇനി ആര് ചെയ്യും. അവന് പഠിച്ച് കളക്ടര്‍ ആവുമെന്ന് തോന്നുന്നുണ്ടോ' -ചോദ്യങ്ങളിലൊക്കെയും നിറഞ്ഞു നിന്നത് പരിഹാസമായിരുന്നു.
അതിനെല്ലാം മറുപടിയായി പേരിനു മുന്നില്‍ 'ഡോക്ടര്‍' പദവി കുറിച്ചിട്ടിരിക്കുകയാണ് ജിതിന്. കോഴിക്കോട് നാദാപുരത്തിനടുത്ത് മുള്ളമ്പത്ത് എന്ന സാധാരണ ഗ്രാമത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ജിതിന് നടന്നുകയറിയത് ഉയരങ്ങളിലേക്കാണ്.
അന്നും ഇന്നും എന്നും കൂലിപ്പണിക്കാരനായ തെങ്ങുകയറ്റക്കാരന്റെ മകനാണ് ഞാന്‍. ചെറുപ്പം മുതലേ ഞാന്‍ കാണുന്നതാണ് അച്ഛന്റെ അധ്വാനം. അവരെയാണ് ഞാന്‍ അഭിനന്ദിക്കുന്നത് - അച്ഛന്റെയും അമ്മയുടെയും ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ജിതിന് പറയുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ ചിലര്‍ പരിഹസിച്ചു- ചെത്തുകാരനെ മകനായ മുഖ്യമന്ത്രിയെന്ന്. ഇത്തരം കൊടിയ വിഷം ഇനിയും ചീറ്റുക തന്നെ ചെയ്യുമെന്ന് അനുഭവം പഠിപ്പിക്കുന്നു.
ജിതിന്റെ ഫേസ്ബുക്കില്‍ നിന്ന്:
ഇതെഴുതുന്നതിനു മുന്നേ തന്നെ പറയാം അന്നും ഇന്നും എന്നും കൂലിപ്പണിക്കാരനായ തെങ്ങുകയറ്റക്കാരന്റെ മകന് ആണ് ഞാന്‍. പ്രീത ചേച്ചിയുടെ ഒരു എഴുത്ത് ശ്രദ്ധയില്‍ പെട്ടതാണ് ഇങ്ങനെ ഒന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അതിനുള്ള കാരണം എന്നത് അവര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലും സംഭവിച്ചതാണ്. അതിലുപരി ഞങ്ങളുടെ രണ്ടാളുടെയും സപ്പോര്‍ട്ടിംഗ് പില്ലര്‍ ഒരാളായതുകൊണ്ടുമാണ് -അതായത് അച്ഛന്.എന്റെ വിദ്യാഭ്യാസം എന്നത് ഒരു ഒഴുക്കില്‍ സംഭവിച്ച കാര്യമാണ്. ഇതുവരെ നടന്നതൊന്നും മുന്‍കൂട്ടി തീരുമാനിച്ചു നടപ്പിലാക്കിയതൊന്നുമല്ല. എല്ലാം ഒരു ഒഴുക്കില്‍ ഒഴുകി എത്തിയതാണ്. എന്തിനേറെ പറയുന്നു ഈ ഡോക്ടറേറ്റ് പോലും ആ ഒഴുക്കിന്റെ ഭാഗം ആണ്.
ചെറുപ്പം മുതലേ ഞാന്‍ കാണുന്നതാണ് അച്ഛന്റെ അധ്വാനം. ഞാന്‍ പോണ്ടിച്ചേരിയില്‍ പിജി വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ നാട്ടിലെ ചില പ്രമാണിമാര്‍ അച്ഛനോട് ചോദിക്കുകയുണ്ടായി ' മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ വിടണോ? ഇതൊക്കെ നിന്നെക്കൊണ്ടു കൂട്ടിയാല്‍ കൂടുമോ? എന്നാല്‍ അന്ന് അച്ഛന് തിരിച്ചു പറഞ്ഞ ആ മറുപടി ''എന്നെകൊണ്ട് ആവുന്നത് വരെയും അവനു തോന്നുന്ന വരെയും അവന് പഠിക്കട്ടെ എന്ന്'' അതാണ് എന്നെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിച്ചത്.
പിന്നെ കേട്ട ഒന്നാണ് ഇതെന്താ ചന്ദ്രാ ഇന്ജെ ചെക്കന് വല്യ പഠിത്തം പഠിക്കാന്‍ പോയി എന്ന് കേട്ടല്ലോ. അവന് പഠിക്കാന്‍ പോയാല്‍ ഇന്ജെ ശേഷം ഇന്ജെ തൊഴിലൊക്കെ ഇനി ആര് ചെയ്യും. ഇപ്പൊ ആകുമ്പോള്‍ തെങ്ങു കയറാന്‍ നല്ല കാശും ഉണ്ടല്ലോ. മോനോട് ഇത് തന്നെ നോക്കാന്‍ പറഞ്ഞൂടാരുന്നോ. വെറുതെ നീ എന്തിനാ അവനെ പുറത്തൊക്കെ വിട്ടു പഠിപ്പിക്കുന്നെ. അവന് പഠിച്ചു വല്യ കളക്ടര്‍ ആകും എന്ന് തോന്നുന്നുണ്ടോ? എന്ന് പറഞ്ഞു അവരുടെ ജാതിതൊണ്ടയില്‍ നിന്നുള്ള നെടുവീര്‍പ്പുകള്‍. ഇവന്മാര് കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ല. ഇപ്പോഴും ജാതിപ്പേരുമായും കുലത്തൊഴിലും പറഞ്ഞു നടക്കുവാ. കള്ള് ചെത്തുകാരന്റെ മോന് മുഖ്യമന്ത്രി ആയതും കേരളം ഭരിക്കുന്നതും ഒന്നും ഇവര്‍ അറിഞ്ഞിട്ടില്ല. നമ്മള് പഠിക്കുകേം ഭരിക്കുകയും ചെയ്യും. എന്നിട്ടു ഉറക്കെ വിളിച്ചു പറയുകേം ചെയ്യും, ഞങ്ങള്‍ കള്ള് ചെത്തുകാരന്റെയും തെങ്ങുകയറ്റക്കാരന്റെയും അല്ലേല്‍ കൂലിപ്പണിക്കാരന്റെയും മക്കള്‍ ആണെന്ന്.
ഇനി എന്റെ അച്ഛന് അവരോടു തല ഉയര്‍ത്തി തന്നെ പറയാം കളക്ടര്‍ ആയില്ലേലും എന്റെ മകന് ഡോക്ടര്‍ ആയെന്നു.എന്നാല്‍ ഒരു സ്വീറ്റ് റെവെന്ജ് എന്നതിലുപരി എനിക്കിത് അടിയാള വര്‍ഗ്ഗക്കാരുടെയും, അധ:സ്ഥിത വിഭാഗക്കാരുടെയും നേട്ടമായാണ് അടയാളപ്പെടുത്താന്‍ കഴിയുന്നത്. അതിലൂടെ ഒരുപാടു ജിതിനെ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രചോദനമായി നോക്കിക്കാണാനാണ് എനിക്കിഷ്ടം. ഇത് ഞങ്ങളുടെ കൂടെ ഇടമാണ്. ഇനിയുള്ള കാലങ്ങള്‍ ഞങ്ങളുടെയും നിങ്ങളുടെയും പുരോഗമനമായാണ് വീക്ഷിക്കേണ്ടത്. നമ്മള് കൂടി ആണ് ഇനി കാലത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോകുന്നത്. ഇന്നലത്തെ ഉന്നതരെ അവരുടെ സുപ്പീരിയര്‍ അഭിമാന ബോധത്തില്‍ നിന്നും മാത്രമല്ല അവര്‍ക്കതു നല്കിയ ഘടനയില്‍ നിന്നും കൂടി ആണ് നമ്മള് ചവിട്ടി പുറത്താക്കേണ്ടത്. അതുകൊണ്ടു തന്നെ നമ്മള് ഒരിക്കലും ഭൂതകാലത്തിന്റെ സങ്കടമല്ല മറിച്ച് ഭാവിയുടെ നിര്‍മാതാക്കളാണ്.