വര്‍ത്തമാനം സിനിമയ്ക്ക് പ്രദര്‍ശനാനുമതി; സെന്‍സറിംഗിനെതിരെ ആഞ്ഞടിച്ച് സംവിധായകനും തിരക്കഥാകൃത്തും

വര്‍ത്തമാനം സിനിമയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി പ്രദര്‍ശനാനുമതി ലഭിച്ചു. ദേശവിരുദ്ധപ്രമേയമെന്ന ആരോപണത്തിലാണ് ആദ്യം ചിത്രത്തന് അനുമതി നിഷേധിച്ചത്. എന്നാല്‍ മുംബൈയിലെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു.
ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് വര്ത്തമാനത്തിന്. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധായകന്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകളിലൂടെ മികച്ച കഥക്കും സിനിമക്കുമുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ ആര്യാടന് ഷൗക്കത്താണ് കഥയും തിരക്കഥയും എഴുതിയത്.
പാര്‍വ്വതി തിരുവോത്താണ് ചിത്രത്തിലെ നായിക. റോഷന് മാത്യു, സിദ്ദിഖ് അടക്കമുള്ളവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.. ബിജിപാലാണ് സംഗീതം. അളഗപ്പനാണ് ഛായാഗ്രാഹകന്‍.ബെന്‍സി പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. സിനിമ ഫെബ്രുവരി മാസത്തോടെ പ്രദര്‍ശനത്തിനെത്തുമെന്നും സംവിധായകര്‍ അറിയിച്ചു.
തിരക്കഥാകൃത്ത് ആര്യാടന് ഷൗക്കത്തായതു കൊണ്ട് സിനിമയ്ക്ക് അനുമതി നിഷേധിച്ചെന്നു വെളിപ്പെടുത്തിയ ബി.ജെ.പി നേതാവ് അഡ്വ വി. സന്ദീപ് കുമാറിനെ സെന്‍സര്‍ ബോര്‍ഡ് അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് സംവിധായകന് സിദ്ധാര്‍ത്ഥ് ശിവയും ആര്യാടന് ഷൗക്കത്തും ആവശ്യപ്പെട്ടു. സിനിമയെ ദേശവിരുദ്ധ സിനിമയാക്കി ചാപ്പകുത്തി പ്രദര്‍ശനാനുമതി നിഷേധിക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് മെമ്പറുടെ ശ്രമത്തെ അതിജീവിച്ചത് സിനിമയെ സ്നേഹിക്കുന്നവരുടെയും മതേതര മനസുകളുടെ വിജയമാണെന്നും ഇരുവരും വ്യക്തമാക്കി.ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കെത്തിയത് 24നാണ്. കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഒരു സീന്‍ പോലും നീക്കം ചെയ്യാതെയാണ് മുംബൈയിലെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. വര്‍ഗീയതയും മതാന്ധതയും ബാധിച്ചവര്‍ക്ക് പകരം സിനിമയെക്കുറിച്ച് വിലയിരുത്താന്‍ കഴിവുള്ളവരെയാണ് സെന്‍സര്‍ ബോര്‍ഡില്‍ നിയമിക്കേണ്ടത്. മലയാള സിനിമാരംഗത്ത് കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് സെന്‍സര്‍ബോര്‍ഡ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്. സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്നും അവര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.