ജീവനാംശ തര്‍ക്കത്തെില്‍ 3 പേരെ കൊന്നുതള്ളിയ മരുമകള്‍ ജയമാല പിടിയില്‍

ജീവനാംശ തര്‍ക്കത്തെില്‍ 3 പേരെ കൊന്നുതള്ളിയ മരുമകള്‍ ജയമാല പിടിയില്‍

ചെന്നൈ: ജീവനാംശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയായ മരുമകള്‍ ജയമാല അറസ്റ്റില്‍. ഡല്‍ഹിയിലെ ഒളിസങ്കേതത്തില്‍നിന്നാണു ജയമാലയെയും അഭിഭാഷകനായ സഹോദരനെയും തമിഴ്‌നാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ പതിനൊന്നിനാണ് ധനകാര്യ സ്ഥാപനം നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളെ സൗക്കാര്‍പേട്ടില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാട് സ്ഥാപനം നടത്തുന്ന ദലിചന്ദ്, ഭാര്യ പുഷ്പ ഭായ്, മകന്‍ ശീതള്‍ എന്നിവരെ കഴിഞ്ഞ 11നാണു വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. 

ശീതളും ജയമാലയും വിവാഹമോചനത്തിനു അപേക്ഷ നല്‍കിയിരുന്നു. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജയമാല ശീതളിനെതിരെ കേസ് നല്‍കി. ജീവനാംശ പ്രശ്‌നം പറഞ്ഞു തീര്‍ക്കാനായി ജയമാലയും 2 സഹോദരന്മാരും ബന്ധുക്കളുമുള്‍പ്പെടെ 5 പേര്‍ ശീതളിന്റെ വീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. സഹോദരീ ഭര്‍ത്താവിന് മാനസിക വൈകല്യമുണ്ടായിരുന്നുവെന്നും ഇതു മറച്ചുവച്ചു വിവാഹം ചെയ്തു കുടുംബത്തെ വഞ്ചിച്ചതാണ് കൂട്ടക്കൊലയുടെ കാരണമായതെന്നുമാണ് നേരത്തെ അറസ്റ്റിലായ ജയമാലയുടെ സഹോദരന്‍ കൈലാശ് മൊഴി നല്‍കിയത്.

ശീതളിന്റെ ഭാര്യ പുണെ സ്വദേശി ജയമാല ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇവര്‍ക്ക് 2 മക്കളുണ്ട്. ജയമാല, ജയമാലയുടെ സഹോദരനും അഭിഭാഷകനുമായ വികാസ്, ഇവരുടെ സഹായി എന്നിവരാണ് വെള്ളിയാഴ്ച പിടിയിലായത്. ആഗ്രയ്ക്ക് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണു ഇവരെ പിടികൂടിയത്. കൊലയ്ക്കുപയോഗിച്ച രണ്ടു തോക്കുകളും കണ്ടെത്തി. ഇതില്‍ ഒരു തോക്ക് വിരമിച്ച പട്ടാളക്കാരന്റേതാണ്. കൊലപാതകത്തിനായി ഇയാളില്‍നിന്നു വാങ്ങിയതായിരുന്നു ലൈസന്‍സുള്ള ഈ തോക്ക്. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചായിരുന്നു കൃത്യം നടത്തിയത്. ജയമാലയും സഹോദരങ്ങളും പൂണെയില്‍നിന്ന് ചെന്നൈയിലെത്തിയ കാറും പൊലീസ് പിടിച്ചെടുത്തു.