യുഎസ് വിമാനത്തിനു നേരെ ചൈനീസ് സൈനിക ലേസര്‍

യുഎസ് വിമാനത്തിനു നേരെ ചൈനീസ് സൈനിക ലേസര്‍

കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിനു മുകളിലൂടെ പറന്ന യുഎസ് നേവി പി -8 നിരീക്ഷണ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലില്‍ നിന്ന് മിലിട്ടറി ഗ്രേഡ് ലേസര്‍ പ്രയോഗിച്ചതായി യുഎസ് നാവികസേന അറിയിച്ചു.ചൈനയുടെ ഭാഗത്തുനിന്നുണ്ടായത് സുരക്ഷിതമല്ലാത്തതും പ്രൊഫ ഷണലല്ലാത്തതുമാണെന്ന് യുഎസ് നാവികസേന ആരോപിച്ചു.

ആയുധ-ഗ്രേഡ് ലേസറുകള്‍ എയര്‍ക്രൂവിനും നാവികര്‍ക്കും ഗുരുതരമായ ദോഷം വരുത്താന്‍ സാധ്യതയുണ്ട്.കപ്പല്‍,വിമാന സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഏറെ ഭീഷണിയാണെന്നും യുഎസ് സൈനിക വക്താവ് പറഞ്ഞു.'ഡാസ്ലറുകള്‍'എന്നറിയപ്പെടുന്നു മിലിട്ടറി-ഗ്രേഡ് ലേസര്‍ ബീമുകള്‍ ഏറെ ദൂരം സഞ്ചരിക്കാനും വിമാന കോക്ക്പിറ്റുകള്‍ക്കു നേരെ ആക്രമണം നടത്താനും പൈലറ്റുമാരെ താല്‍ക്കാലികമായി അന്ധരാക്കാനും കഴിയുന്ന ശക്തമായ ആയുധമാണ്.

യുഎസും ചൈനീസ് സൈനികരും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് കഴിഞ്ഞ ആഴ്ചയിലെ ലേസര്‍ ആക്രമണം.പ്രാദേശിക സുരക്ഷയ്ക്ക് ചൈന കൂടുതല്‍ സൈനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പെന്റഗണ്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.'കാലക്രമേണ,അവര്‍ ദക്ഷിണ ചൈനാക്കടലിലെ ദ്വീപുകള്‍ പിടിച്ചെടുക്കുകയും സൈനികവല്‍ക്കരിക്കുകയും അവരുടെ സായുധ സേനയെ അതിവേഗം നവീകരിക്കുകയും ചെയ്യുന്നത് കാണുന്നുണ്ട്. അതേസമയം ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്  ഭൂപ്രകൃതിയില്‍ മാറ്റം വരുത്താനും ലോകത്തെ അവര്‍ക്ക് അനുകൂലമായി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.

യുഎസ് സി -130 ജെ വിമാനത്തിന് നേരെ നേരത്തെയും ലേസര്‍ ഉപയോഗിച്ച് ചൈന ആക്രമണം നടത്തിയിട്ടുണ്ട്.അന്ന് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് പരിക്കേറ്റിരുന്നു.