വരവായി അടിയുടെ പൂരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രമേശിനൊപ്പം ഉമ്മന്‍ചാണ്ടിയും

വരവായി അടിയുടെ പൂരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രമേശിനൊപ്പം ഉമ്മന്‍ചാണ്ടിയും

കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള ചിത്രം വ്യക്തമായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുകയാണെങ്കിലും യു. ഡി. എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ രമേശ് തന്നെയാകുമോ മുഖ്യമന്ത്രിയെന്ന ചോദ്യം കഴിഞ്ഞ കുറെ നാളായി കേരളത്തിന്‍റെ രാഷ്ട്രീയ ചക്രവാളത്തില്‍ മായാതെ നില്‍ക്കുകയായിരുന്നു. ഇത്തവണയൂം താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്ന് രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഇന്ന് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലൊരുത്തരമായി. രമേശിന്‍റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള പ്രയാണം സുഗമമാകില്ല. ആ കസേര ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടിയും ഒപ്പമുണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കാന്‍ഡാണെന്നു കൂടി ഉമ്മന്‍ചാണ്ടി ഇന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് കാര്യങ്ങളെല്ലാം വ്യക്തം. 

ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഇങ്ങനെ:"രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ്. എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഇത്തവണയൂം താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്."  പ്രതിപക്ഷ നേതാവായി തുടരുന്ന രമേശ് ചെന്നിത്തലയ്ക്ക് പുറമേ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ച തുടങ്ങി. ഇനിയിത് കോണ്‍ഗ്രസില്‍ സൃഷ്ടിക്കാന്‍ പോകുന്ന അടിപിടി ചില്ലറയായിരിക്കില്ല. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയും സംസ്ഥാന രീഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വെരുമൊരു മന്ത്രിയായിരിക്കാന്‍ മുല്ലപ്പള്ളി ആഗ്രഹിക്കില്ലെന്ന് വ്യക്തമാണ്. ഇതോടെകോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകുമെന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുമെന്നാണ് സൂചനകള്‍.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി തനിക്ക് അര്‍ഹിക്കുന്നതിനെക്കാള്‍ അംഗീകാരമാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചതെന്നും ജനങ്ങള്‍ നല്‍കിയ സ്നേഹവും അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതലാണെന്നും പറയുന്നു. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണ്. എന്നാല്‍ ഇടതുമുന്നണിയുമായി താരതമ്യപ്പെടുത്തുന്നത് കൊണ്ടാണ് പോരാ എന്ന ആക്ഷേപം ഉണ്ടാകുന്നത്. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇത് കേട്ടിട്ടുണ്ട്.എന്നാല്‍ ഇടതുമുന്നണി ചെയ്യുന്നത് ഞങ്ങള്‍ക്ക് ചെയ്യാനാകില്ല. അവരെ അനുകരിച്ചാല്‍ പിന്നെ മണ്ഡലത്തിലേക്ക് പോകാനാവില്ല. ആ പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിമര്‍ശനം വരുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.