വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തെ ചൊല്ലി യുഡിഎഫില്‍ പോര് 

വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തെ ചൊല്ലി യുഡിഎഫില്‍ പോര് 

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തെ ചൊല്ലി കോണ്ഗ്രസില്‍ ഭിന്നത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അത്തരമൊരു സഖ്യമില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തിന് മുന്നണി തീരുമാനമുണ്ടെന്ന് നേതൃത്വത്തെ തള്ളി കെ.മുരളീധരന്‍  തുറന്നടിച്ചു. 

യുഡിഎഫുമായി സഖ്യത്തിലായെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിമേല്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ ഭിന്നത മറ നീക്കി പുറത്തു വന്നത്. യുഡിഎഫ് നേതൃത്വമായുള്ള ചര്‍ച്ചകളില്‍ സഖ്യത്തിന് തീരുമാനമായെന്നും ഇനി താഴെ തട്ടില്‍ നീക്കു പോക്കുണ്ടാക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിമേല്‍ വ്യക്തമാക്കിയിരുന്നു. 

കോണ്‍ഗ്രസും മുസ്ലീം ലീഗും ഒരു പോലെ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വിട്ടു തരുമെന്നും ഹമീദ് വ്യക്തമാക്കി. വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഈ വെളിപ്പെടത്തല്‍ പക്ഷേ  കോണ്‍ഗ്രസ് നേതൃത്വം ഉടനടി തള്ളി. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തില്‍ നേതൃത്വത്തെ തള്ളുകയാണ് കെ.മുരളീധരന്‍. മുന്നണി തീരുമാനത്തിന് പിന്നാലെയാണ് വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ചര്‍ച്ചകളെന്നും കോഴിക്കോട്ട് പ്രാദേശിക ധാരണയുണ്ടാക്കുമെന്നും മുരളി വ്യക്തമാക്കി.