ഫേസ്ബുക്കിൽ മോദിയെ വീഴ്ത്തി രാഹുൽ;നവമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു

ഫേസ്ബുക്കിൽ മോദിയെ വീഴ്ത്തി രാഹുൽ;നവമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു

കര്‍ഷക പ്രക്ഷോഭം, ഹഥ്റാസ് കൂട്ട ബലാത്സംഗക്കേസ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ നീക്കത്തിന്‍റെ നേതൃനിരയില്‍ സജീവമായതിന് പിന്നാലെ നവമാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കില്‍ പ്രധാനമന്ത്രി മോദിയേക്കാള്‍ നാല്‍പത് ശതമാനം സജീവമാണ് രാഹുല്‍ ഗാന്ധിയുടെ പേജെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ദിവസങ്ങളിലെ ഇടപെടല്‍ കണക്കാക്കിയാണ് ഈ റിപ്പോര്‍ട്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റ പ്രകാരമാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. അഞ്ച് പേജുകള്‍ വിലയിരുത്തിയത് പ്രകാരം രാഹുല്‍ ഗാന്ധിയുടെ പോസ്റ്റുകളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 13.9 ദശലക്ഷം ഇടപെടലുകളാണ് ഉണ്ടായിരുന്നത്. കമന്‍റ്, ലൈക്ക്, ഷെയര്‍ എന്നിവയാണ് ഇടപെടലുകളായി കണക്കാക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ബിജെപി, കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധി എന്നിവരുടെ പേജുകളാണ് രാഹുലിന് പുറത്ത് നിരീക്ഷിച്ച പേജുകള്‍.ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന ലോക നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി. 45.5 ദശലക്ഷം പേരാണ് മോദിയെ ഫോളോ ചെയ്യുന്നത്. 3.5 ദശലക്ഷമാണ് രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്‌സ്. മോദിയുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാലയളവില്‍ 8.2 ദശലക്ഷം ഇടപെടലാണ് ഉണ്ടായതെന്നും കണക്കുകള്‍ പറയുന്നു.