സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള സുരക്ഷ എത്ര നേരം? അറിയേണ്ടത്

സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള സുരക്ഷ എത്ര നേരം? അറിയേണ്ടത്

കൊറോണ വൈറസ് വ്യാപനപശ്ചാത്തലത്തില്‍ സ്വാഭാവികമായും ആര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് കൈകള്‍ ശുചിയാക്കാന്‍ ഉപയോഗിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ എത്രത്തോളം ഫലപ്രദമാണ് എന്നത്.കടയില്‍ കാണുന്ന ഏതെങ്കിലും ഒരു സാനിറ്റൈസര്‍ ഉപയോഗിച്ചതു കൊണ്ടു മാത്രം കൊറോണവൈറസിനെ തടുക്കാന്‍ സാധിക്കില്ലെന്നു തന്നെയെന്നാണ് സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നതും.

ഏതാണ്ട് 60 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യം ഉള്ള സാനിറ്റൈസറാണ് വൈറസ് വ്യാപനം തടയാന്‍ അനുയോജ്യമത്രേ. ബാക്ടീരിയ, ഫംഗസ്, വൈറസുകള്‍ എന്നിങ്ങനെ ഒരു കൂട്ടം രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള കഴിവ് ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ക്ക് ഉണ്ട്. രോഗാണുക്കളുടെ പുറം ചട്ടയിലെ പ്രോട്ടീനുകളെ വിഘടിപ്പിച്ച് നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. പക്ഷേ രോഗാണുക്കളുടെ സ്‌പോറുകള്‍ക്കെതിരെ ഇവ ഫലപ്രദമല്ല.

സാനിറ്റൈസറുകള്‍ക്ക് നമ്മുടെ കൈപ്രതലത്തില്‍ സംരക്ഷണം നല്‍കാന്‍ അല്‍പ്പനേരത്തേക്ക് മാത്രമാണ് സാധിക്കുക. ആല്‍ക്കഹോള്‍ അംശം കൂടിയവയ്ക്ക് ഇതില്‍ കുറച്ചു കൂടി പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും. കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് എപ്പോഴും ശുചിയാക്കേണ്ടത് അതിനാല്‍തന്നെ ആവശ്യമാണ്. എന്നാല്‍ വീണ്ടും അഴുക്കുള്ള പ്രതലങ്ങളില്‍ തൊടുന്നതോടെ അണുക്കള്‍ വീണ്ടും കൈകളില്‍ പ്രവേശിക്കാന്‍ സാധ്യത ഏറെ. ഇതുകൊണ്ടാണ് ഇടയ്ക്കിടെ അല്ലെങ്കില്‍ ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും കൈകള്‍ ശുചിയാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

കുറഞ്ഞത് ഇരുപതുസെക്കന്റ് നേരം എടുത്തു വേണം കൈകള്‍ കഴുകാന്‍. കഴുകുമ്പോള്‍ വലതു കൈപ്പത്തിയുടെ പുറം ഇടതു കൈവെള്ള കൊണ്ടു തിരുമ്മുക, പിന്നെ ഇടതു കൈപ്പത്തിയുടെ പുറം വലതു കൈ വെള്ള കൊണ്ട് തിരുമ്മണം. അതുപോലെ കൈവെള്ളകള്‍ തമ്മില്‍ വിരലുകള്‍ കോര്‍ത്ത് തിരുമ്മുക. വിരലുകള്‍ മടക്കി കൈ പത്തികള്‍ തമ്മില്‍ കൊളുത്തി പിടിച്ചു കൊണ്ട് വലതു കൈ വിരലുകളുടെ പുറം ഇടതു കൈവെള്ള കൊണ്ടും ഇടതു കൈ വിരലുകളുടെ പുറം വലതു കൈ വെള്ള കൊണ്ടും തിരുമ്മുക. ഇതിനു ശേഷവും നഖത്തിനടിയില്‍ അഴുക്ക് നിലനില്‍ക്കുന്നു എങ്കില്‍ ബ്രഷോ മറ്റൊ ഉപയോഗിച്ച് നീക്കം ചെയ്യാം.

നഖം നീട്ടി വളര്‍ത്തുന്നത് ഒഴിവാക്കണം.കൈ കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ചു തുടക്കുകയോ എയര്‍ ഡ്രൈ ചെയ്യുകയോ ആകാം.നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്ന തരത്തില്‍ അഴുക്ക് പുരണ്ട അവസ്ഥയില്‍ സാനിറ്റൈസറുകള്‍ ഉപയോഗപ്പെടില്ല.അത്തരം അവസരങ്ങളില്‍ സോപ്പും വെള്ളവും ഉപയോഗിച്ചുതന്നെ കൈകള്‍ കഴുകണം.