മംഗളൂരുവില്‍ നിന്നുവന്ന് ഷോപ്പിങ് നടത്തി ആരുമറിയാതെ വീട്ടിലേക്ക്: നാടുമുഴുവന്‍ പരിഭ്രാന്തി

മംഗളൂരുവില്‍ നിന്നുവന്ന് ഷോപ്പിങ് നടത്തി ആരുമറിയാതെ വീട്ടിലേക്ക്: നാടുമുഴുവന്‍ പരിഭ്രാന്തി

മൂവാറ്റുപുഴ: ഇതര സംസ്ഥാനത്തു കുടുങ്ങിയ മലയാളികളുമായി എത്തിയ ബസിലെ യാത്രക്കാര്‍ പൊലീസിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കാതെ ബസ് സ്റ്റോപ്പില്‍ ഇറങ്ങി ഷോപ്പിങ് നടത്തിയ ശേഷം വീടുകളിലേക്കു പോയി. നാട്ടുകാര്‍ പറഞ്ഞ് വിവരമറിഞ്ഞ പൊലീസ് പിന്നീട് ഇവരെ കണ്ടെത്തി. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലെത്തിയ യാത്രക്കാര്‍ കയറിയ ബേക്കറി പൊലീസ് അടച്ചുപൂട്ടി. ബേക്കറിയിലെ ജീവനക്കാരോടും ഉടമയോടും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി.

യാത്രക്കാരില്‍ ഒരാള്‍ വീട്ടിലേക്കു പോയത് ഓട്ടോറിക്ഷയിലാണ്. ഓട്ടോഡ്രൈവറോടും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ 11നാണ് സംഭവം. മംഗളൂരുവില്‍ നിന്ന് മലയാളികളുമായെത്തിയ ബസാണ് പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അറിയിക്കാതെ നെഹ്‌റു പാര്‍ക്കിനു സമീപം നിര്‍ത്തി  2 യാത്രക്കാരെ ഇറക്കിയത്. ഒരാള്‍ പുളിന്താനം സ്വദേശിയും മറ്റേയാള്‍ കുരുവിനാംപാറ സ്വദേശിയുമാണ്. പുളിന്താനം സ്വദേശിയുടെ ബന്ധുക്കള്‍ കാറുമായെത്തി ഇയാളെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുരുവിനാംപാറ സ്വദേശി ഓട്ടോറിക്ഷയിലാണ് വീട്ടിലേക്കു മടങ്ങിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും നഗരം വിട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ ഇപ്പോള്‍ ക്വാറന്റീന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് നേരെ വീടുകളിലേക്കു പോയതെന്നാണ് ഇവരുടെ വിശദീകരണം. കാലടിയിലും യാത്രക്കാരിറങ്ങിയതായി കണ്ടെത്തി. മംഗളൂരുവില്‍ നിന്നെത്തിയ ബസ് പത്തനംതിട്ടയിലേക്കാണു പോയതെന്നും മൂവാറ്റുപുഴ വിടുമ്പോള്‍ അതിലുണ്ടായിരുന്ന 15 യാത്രക്കാര്‍ എവിടെയൊക്കെ ഇറങ്ങിയെന്നുമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.