Thursday, March 28, 2024
HomeNewsതിരുവനന്തപുരത്ത് പന്ന്യൻ; സി.പി.ഐ സ്ഥാനാര്‍ഥികളില്‍ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം 26ന്

തിരുവനന്തപുരത്ത് പന്ന്യൻ; സി.പി.ഐ സ്ഥാനാര്‍ഥികളില്‍ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം 26ന്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ആനിരാജയെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും തൃശൂരില്‍ വി.എസ്. സുനില്‍കുമാറിനെയും മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാറിനെയും മത്സരിപ്പിക്കാന്‍ സി.പി.ഐയില്‍ ധാരണ. വെള്ളിയാഴ്ച ജില്ല കമ്മിറ്റികള്‍ ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും.

26നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുകയായിരുന്നു. വിഎസ് സുനില്‍ കുമാര്‍ മത്സരരംഗത്ത് എത്തിയതോടെ തൃശൂരില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസിനായി സിറ്റിങ് എംപി ടിഎന്‍ പ്രതാപനും ബിജെപിക്കായി സുരേഷ് ഗോപിയുമാണ് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയനാട്ടില്‍ സിറ്റിങ് എംപി രാഹുല്‍ ഗാന്ധിയാകും ആനി രാജയുടെ എതിരാളി. സിപിഐ സ്ഥാനാര്‍ഥി പട്ടികയിലെ എക വനിതയാണ് ആനി രാജ. എഐവൈഎഫ് നേതാവായി അരുണ്‍കുമാറിന് മാവേലിക്കരയില്‍ കന്നിയങ്കമാണ്. സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

സി.പി.എം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അംഗീകാരമായിരുന്നു. പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ്. ഹംസ, പത്തനംതിട്ടയില്‍ ടി.എം. തോമസ് ഐസക്, വടകരയില്‍ കെ.കെ. ശൈലജ,ആറ്റിങ്ങലില്‍ വി. ജോയ്, എറണാകുളത്ത് കെ.ജെ. ഷൈന്‍, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, കൊല്ലത്ത് എം. മുകേഷ്, ആലപ്പുഴയില്‍ എ.എം. ആരിഫ്, ചാലക്കുടിയില്‍ സി. രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവര്‍ മത്സരിക്കും.

കണ്ണൂര്‍ എം.വി. ജയരാജന്‍, കാസര്‍കോട് എം.വി. ബാലകൃഷ്ണന്‍, മലപ്പുറം ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് എ. വിജയരാഘവന്‍, ആലത്തൂര്‍ കെ. രാധാകൃഷ്ണന്‍ എന്നിവരും മത്സരിക്കും. പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. കെ.കെ. ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെ.ജെ. ഷൈനുമാണ് പട്ടികയിലെ വനിതകള്‍. സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്. 27ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments