എതിരില്ലാതെ ഇടത് സ്ഥാനാര്‍ഥികള്‍; ഭീഷണിയെന്ന് കോണ്‍ഗ്രസ്

എതിരില്ലാതെ ഇടത് സ്ഥാനാര്‍ഥികള്‍; ഭീഷണിയെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍  നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വാര്‍ഡുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയാണ് ഇടതു സ്ഥാനാര്‍ഥികള്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടു വാര്‍ഡുകളില്‍ കൂടി ഇടതു സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.കാസര്‍കോട് മടിക്കൈ പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ സൂക്ഷ്മപരിശോധനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിന്റെ പി പ്രകാശിന് എതിരില്ലാതായി. മടിക്കെയിലെ നാലു വാര്‍ഡുകളില്‍ ഇതോടെ എല്‍ഡിഎഫിന് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. 

ആലപ്പുഴ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ എ പ്രമോദിനും എതിരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയ കൈനകരി വികസനസമിതി പ്രതിനിധി ബി കെ വിനോദിന്റെ പത്രിക തള്ളിക്കളഞ്ഞു. വാര്‍ഡ് മാറി മത്സരിക്കുന്നതിന്റെ സത്യവാങ്മൂലം നല്‍കാത്തതാണ് കാരണം ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളിയത്.

മലപ്പുറം വട്ടംകുളം പഞ്ചായത്തില്‍ വനിതാസംവരണവാര്‍ഡില്‍ സിപിഎം പുരുഷഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി.സത്യവാങ്മൂലത്തില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ പാലത്തുംകടവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി.  അതേ സമയം സിപിഎമ്മിനെതിരെ  കടുത്ത ആരോപണവുമായി കോണ്‍്ഗ്രസ് രംഗത്തെത്തി.ആന്തൂരില്‍ അടക്കം മലബാറിലെ 15 വാര്‍ഡുകളില്‍ സിപിഎം ഭീഷണി കൊണ്ടാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക നല്‍കാനാകാത്തതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ ജനപിന്തുണയാണ് കാരണമെന്നാണ് സിപിഎം പ്രതികരിച്ചത്.