സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും

സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും

കൊച്ചി: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്‍റെ വീട്ടു വിലാസത്തിലേക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും കടുത്ത ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു.

 കസ്റ്റംസ് കെ. അയ്യപ്പൻ്റെ വീട്ടുവിലാസത്തില്‍ വീണ്ടും നോട്ടീസ് അയച്ചിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്നാംതവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. നേരത്തെ ഇദ്ദേഹത്തിൻ്റെ ഓഫീസ് വിലാസത്തിലാണ് നോട്ടീസ് നല്‍കിയിരുന്നത്. 

എന്നാല്‍ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പന് നിയമപരിരക്ഷയുണ്ടെന്നും ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തുനല്‍കി. ഇതോടെയാണ് അയ്യപ്പൻ്റെ വീട്ടുവിലാസത്തില്‍ പുതിയ നോട്ടീസ് നല്‍കിയത്. അഡീ. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് കസ്റ്റംസിൻ്റെ നിലപാട്. കേന്ദ്രനിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്  നോട്ടീസ് നല്‍കിയതെന്നും സ്പീക്കറുടെ പേഴ്സണല്‍ സ്റ്റാഫിന് ചട്ടം 165 ബാധകമല്ലെന്നും കസ്റ്റംസ് പറയുന്നു.