'നിസര്‍ഗ' നിമിഷങ്ങള്‍ക്കകം കര തോടും: മുംബൈ നഗരത്തില്‍ പേമാരിയും കാറ്റും

'നിസര്‍ഗ' നിമിഷങ്ങള്‍ക്കകം കര തോടും: മുംബൈ നഗരത്തില്‍ പേമാരിയും കാറ്റും

മുംബൈ/ ദില്ലി: തീവ്രചുഴലിയായി മാറിയ 'നിസര്‍ഗ' അതിവേഗം മുംബൈ തീരത്തേക്ക് നീങ്ങുന്നു. ഒന്നരയോടെ നിസര്‍ഗ മുംബൈ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചുഴലിക്കാറ്റ് റായ്ഗഢ് ജില്ലയില്‍ ആഞ്ഞടിച്ച് തുടങ്ങി. കര തൊടാന്‍ തുടങ്ങിയതോടെ റായ്ഗഢ് ജില്ലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടല്‍. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തില്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. 

മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ പെയ്യും. ശക്തമായ കാറ്റുമുണ്ടാകും. കൊളാബയിലെയും സാന്താക്രൂസിലെയും മഴമാപിനികള്‍ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് 33 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തില്‍ പെയ്തത്. കടല്‍ കാര്യമായി കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും, നഗരത്തില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. 

കൊവിഡ് മഹാമാരിയായി പടരുന്നതിനിടെയാണ് മുംബൈയില്‍ ചുഴലിക്കാറ്റും ആഞ്ഞടിക്കുന്നത് എന്നതാണ് ആശങ്കയേറ്റുന്നത്. ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കൊന്നും, ആരോടും എത്തരുതെന്ന് ബൃഹന്‍മുംബൈ കോര്‍പ്പറേഷന്‍ അധികൃതരും പൊലീസും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ഹവേലി എന്നീ തീരങ്ങള്‍ അതീവജാഗ്രതയിലാണ്. 

എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ''സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന കൊവിഡ് വെല്ലുവിളിയേക്കാള്‍ വലുതാകാം ഇപ്പോഴത്തെ ചുഴലിക്കാറ്റ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ അടുത്ത രണ്ട് ദിവസത്തേക്ക് ഉണ്ടാകുന്നതല്ല. എല്ലാവരും ജാഗ്രതയില്‍ തുടരണം'', എന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. 70,000-ത്തിലധികം കൊവിഡ് കേസുകളുണ്ട് നിലവില്‍ മുംബൈയില്‍. 

മുംബൈയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടികള്‍ പലതും റദ്ദാക്കുകയോ, പുനഃക്രമീകരിക്കുകയോ ചെയ്തു. രാവിലെ 11.10 ന് ലോകമാന്യതിലകില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പഷ്യല്‍ ട്രെയില്‍ വൈകീട്ട് 6 മണിയ്‌ക്കേ പുറപ്പെടൂ. തിരുവന്തപുരം ലോകമാന്യതിലക് ട്രെയിന്‍ പൂനെ വഴി റൂട്ട് മാറ്റി ഓടും. വൈകീട്ട് 4:40 ന് ലോക്മാന്യതിലകില്‍ എത്തേണ്ട ട്രെയിനാണ് ഇത്. പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 

മുംബൈ, താനെ, റായ്ഗഢ് എന്നീ ജില്ലകളിലെ തീരമേഖലകളില്‍, സാധാരണയിലേക്കാള്‍, രണ്ട് മീറ്ററെങ്കിലും ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കാനാണ് സാധ്യത. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലായി 30 ദേശീയദുരന്തപ്രതികരണസേനാ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. 45 പേരാണ് ഒരു എന്‍ഡിആര്‍എഫ് സംഘത്തിലുള്ളത്. ഗുജറാത്ത് അഞ്ച് സംഘങ്ങളെക്കൂടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച പശ്ചിമബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ നൂറ് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും ക്യാമ്പുകളിലാണ്.