ദർബാറിലെ ചുമ്മാ കിഴിയിൽ പാടി രജനീകാന്തും?

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ദർബാർ. എ.ആർ മുരഗദാസിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പ്രേക്ഷകർ ഏറെ   പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

ചുമ്മാ കിഴി എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്ക് വീഡിയോയില്‍ സ്റ്റുഡിയോയില്‍ വച്ച് പാട്ടു കേട്ട് ആസ്വദിക്കുന്ന രജനീകാന്തിനെയും കാണാം. പാട്ടിനൊപ്പം ചുണ്ടനക്കുന്ന രജനിയെ കണ്ട് പാട്ടില്‍ താരത്തിൻ്റെ ശബ്ദവുമുണ്ടോ എന്ന് ആരാധകർ സംശയിക്കുന്നു.

ചുമ്മാ കിഴി എന്നു തുടങ്ങുന്ന ഗാനത്തിനു വരികളെഴുതിയിരിക്കുന്നത് വിവേക് ആണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എസ് പി ബാലസുബ്രമണ്യവും അനിരുദ്ധ് രവിചന്ദറുമാണ് ഗാനമാലപിച്ചിരിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും എസ് പി ബിയുടെ ചുറുചുറുക്കാര്‍ന്ന ശബ്ദത്തിനിപ്പോഴും ചെറുപ്പം തന്നെയെന്നും ആരാധകരുടെ അഭിപ്രായം.