20 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് വീണു:ഒഴിവായത് വന്‍ ദുരന്തം!

20 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് വീണു:ഒഴിവായത് വന്‍ ദുരന്തം!

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ വീണതായി റിപ്പോര്‍ട്ട്.ചില ഭാഗങ്ങള്‍ അന്തരീക്ഷത്തില്‍ വെച്ചുതന്നെ കത്തിതീരുകയും ശേഷിക്കുന്ന ഭാഗങ്ങള്‍ പശ്ചിമാഫ്രിക്കയുടെ ചില പ്രദേശങ്ങളില്‍ വീണതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്തരീക്ഷത്തില്‍ കത്തിയെരിയുന്നതിനു മുന്‍പ് ചൈനീസ് റോക്കറ്റ് ന്യൂയോര്‍ക്ക് സിറ്റിയില്‍ പതിക്കുമെന്ന് വരെ ആശങ്കയുണ്ടായിരുന്നു.എന്നാല്‍, ഒഴിവായത് വലിയ ദുരന്തമാണെന്ന് ബഹിരാകാശ ഗവേഷകര്‍ പറഞ്ഞു.ചൈനീസ് ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ പതിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തിങ്കളാഴ്ചയാണ് ചൈനീസ് റോക്കറ്റ് - ലോംഗ് മാര്‍ച്ച് 5 ബി ഭ്രമണപഥത്തില്‍ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് വന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചത്.അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ച് റോക്കറ്റിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു.ഏകദേശം 20 ടണ്ണിലധികം ആയിരുന്നു ചൈനീസ് റോക്കറ്റിന്റെ ഭാരം.

തെക്കന്‍ ചൈനയിലെ ഹൈനാന്‍ ദ്വീപിലെ വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മെയ് 5 നാണ് ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചത്. ആളില്ലാത്ത പരീക്ഷണ പറക്കലില്‍ ചൈനയുടെ അടുത്ത തലമുറ ക്രൂ ക്യാപ്സ്യൂളിന്റെ ഒരു പ്രോട്ടോടൈപ്പും ഈ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിരുന്നു.2022 ല്‍ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനുള്ള കഴിവ് പരീക്ഷിക്കുന്നതിനാണ് ദൗത്യം നടത്തിയത്.ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ കോട്ട് ഡി ഐവയറില്‍ കണ്ടെത്തിയിട്ടുണ്ട്.

തകര്‍ന്ന് വീഴുന്നതിന് മുന്‍പ് 100 അടി ഉയരമുള്ള ഈ ഭീമന്‍ റോക്കറ്റ് ലോസ് ആഞ്ജല്‍സ്,ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളുടെ മുകളിലൂടെ പറന്നിരുന്നു.ഇതോടെ അമേരിക്കന്‍ ഗവേഷകരും പ്രതിരോധ വിഭാഗവും എന്തും നേരിടാന്‍ സജ്ജമായിരുന്നു.