ദില്ലി ക്രൈംബ്രാഞ്ചിന്‍റെ തലപ്പത്ത് ആദ്യ വനിതാ ഡിസിപി

ദില്ലി ക്രൈംബ്രാഞ്ചിന്‍റെ തലപ്പത്ത് ആദ്യ വനിതാ ഡിസിപി

ദില്ലിയുടെ പുതിയ ക്രൈംബ്രാഞ്ച് ഡിസിപി ആയി മോണിക്കാ ഭരദ്വാജ് സ്ഥാനമേറ്റെടുത്തു. 2009 ബാച്ച് ഐപിഎസ് ഓഫീസറാണ് മോണിക്കാ ഭരദ്വാജ്. അതോടെ ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസര്‍ ആയി മാറിയിരിക്കയാണ് അവര്‍. ദില്ലി ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് ഒരു വനിതാ ഓഫീസറെ ചരിത്രത്തില്‍ ആദ്യമായി പ്രതിഷ്ഠിച്ച ഈ നടപടി ഓഫീസര്‍മാര്‍ക്കിടയില്‍ ഏറെ സന്തോഷത്തിന് ഇടനല്‍കിയിട്ടുള്ള ഒരു നടപടിയാണ്. ഇപ്പോള്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ മേധാവിയാണ് മോണിക്കാ ഭരദ്വാജ്. 

ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍  മാസങ്ങള്‍ക്ക് മുമ്പ് അഭിഭാഷകരും ദില്ലി പോലീസും തമ്മില്‍ നടന്ന സംഘട്ടനങ്ങളെ ഫലപ്രദമായി നിയന്ത്രണത്തിലാക്കിയ ഇടപെടപ്പോടെയാണ് മോണിക്കാ ഭരദ്വാജ് ഐപിഎസ് എന്ന പേര് ആദ്യമായി മാധ്യമശ്രദ്ധ നേടുന്നത്. രോഷാകുലരായി മുദ്രാവാക്യം വിളിച്ചുകൊണ്ട് നടന്നുവന്ന അഭിഭാഷകരോട് കൈകൂപ്പിക്കൊണ്ട് ശാന്തരാക്കാന്‍ അപേക്ഷിക്കുന്ന മോണിക്കയുടെ ചിത്രം അന്ന് മാധ്യമങ്ങളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. 

അന്ന് കോടതിയിലെ പൊലീസ് ഔട്ട്‌പോസ്റ്റിനു പുറത്ത് കേവലമൊരു പാര്‍ക്കിങ് വിഷയത്തില്‍ തുടങ്ങിയ സംഘര്‍ഷം വലിയ സംഘട്ടനത്തിലേക്ക് വഴിമാറുകയായിരുന്നു. ആ പ്രശനം കൂടുതല്‍ വഷളാകാതെ നിയന്ത്രിച്ച് മോണിക്കാ ഭരദ്വാജ് ശ്രദ്ധനേടിയിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ തന്നെ വളരെ സങ്കീര്‍ണ്ണമായ പല കുറ്റകൃത്യങ്ങള്‍ക്കും തന്റെ അന്വേഷണ മികവുകൊണ്ട് വളരെ പെട്ടെന്ന് തുമ്പുണ്ടാക്കിയ മോണിക്കയുടെ മിടുക്ക് അഭിനന്ദനങ്ങള്‍ നേടിയിരുന്നു. ഉദാ. 2013 -ല്‍, പോണ്ടിച്ചേരിയില്‍, ഒരു ഇരുപത്തൊന്നുകാരിയെ ആറുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തുമ്പുണ്ടാക്കിയത് മോണിക്ക ആയിരുന്നു. ഹരിയാനയിലെ ഒരു പൊലീസ് കുടുംബത്തില്‍ ജനിച്ച മോണിക്ക ആ കുടുംബത്തിലെ മൂന്നാം തലമുറ പൊലീസ് ഓഫീസര്‍ ആണ്. കിരണ്‍ ബേദിയെ ആണ് അവര്‍ തന്റെ റോള്‍ മോഡല്‍ ആയി കണ്ടിരുന്നത്. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് മോണിക്ക ഐപിഎസ് നേടാന്‍ ശ്രമിച്ചതും അതില്‍ വിജയം കണ്ടതും.