സാമ്പത്തിക പ്രതിസന്ധി, ക്ഷേത്രങ്ങളിലെ വിളക്കുകൾ വില്പനയ്ക്ക്

സാമ്പത്തിക  പ്രതിസന്ധി, ക്ഷേത്രങ്ങളിലെ വിളക്കുകൾ വില്പനയ്ക്ക്

കൊല്ലം: വിത്ത് കുത്തി തിന്നുക പ്രയോഗമുണ്ട്. കരുതൽ ശേഖരം ദുർവിനിയോഗം ചെയ്യുക എന്നു സാരം.കൊവിഡ് അടച്ചിടൽമൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്  കണ്ടെത്തിയ മാർഗം ഇതു പോലൊന്നാണ്. ക്ഷേത്ര നുലവറകളിലുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കുക.

ഇതിന്റെ ലേല നടപടികൾ പുരോഗമിക്കുകയാണ്. ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടൽ.ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി.

ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പ് തലവേദനയാണെന്ന് ദേവസ്വം അധികൃതർ പറയുന്നു.
.2012-ൽ ഇത്തരത്തിലൊരു ശേഖരണത്തിന് ബോർഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളിൽ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികൾ എതിർത്തതോടെ അന്ന് നടപടികളിൽനിന്ന് ബോർഡ് പിന്മാറുകയായിരുന്നു.