കാബൂളില്‍ 27 പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണം നടത്തിയത് കാസര്‍കോട് സ്വദേശി

കാബൂളില്‍ 27 പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണം നടത്തിയത് കാസര്‍കോട് സ്വദേശി

ദില്ലി: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ മലയാളിയെന്ന് റിപ്പോര്‍ട്ട്. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സീനെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി പരിശോധനക്ക് വേണ്ടി മുഹ്‌സീന്റെ ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. പരിശോധന ഫലം എന്‍ഐഎക്ക് കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ചാവേറാക്രമണത്തില്‍ 27 പേര്‍ മരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു മുഹ്‌സീനെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാവേറിന്റെ മൃതാവശിഷ്ടത്തില്‍ നിന്നും ടിഷ്യു ഉപയോഗിച്ച് ശേഖരിച്ച ഡിഎന്‍എയും മുഹ്‌സിന്റെ മാതാവ് മൈമുന അബ്ദുള്ളയുടെ ഡിഎന്‍എയും തമ്മില്‍ ദില്ലിയിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധിച്ചു. റിപ്പോര്‍ട്ട് ഒരാഴ്ച മുന്‍പ് എന്‍ഐഎക്ക് കൈമാറിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ എന്‍ഐഎ ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ 1991 ലാണ് മുഹ്‌സിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തൊഴില്‍ അന്വേഷിച്ച് പോയി. അവിടെ നിന്ന് പിന്നീട് ജോലി നേടി ദുബൈയിലേക്ക് വന്നു. 2018 വരെ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. മുന്‍ കശ്മീര്‍ ഭീകരന്‍ ഐജാസ് അഹാങ്കീറിന്റെ ഭീകര സംഘത്തിന്റെ ഭാഗമാകാനായി പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് പോയി. 

ഏപ്രില്‍ മാസത്തിലാണ് കാബൂള്‍ ഗുരുദ്വാര ചാവേറാക്രമണ കേസില്‍ എന്‍ഐഎ കേസെടുത്തത്. 2016 ല്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ളയോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് കടന്ന 26 അംഗ മലയാളി സംഘത്തെ കുറിച്ചടക്കം എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്.