കടലില്‍ മുങ്ങിക്കിടന്ന ക്ഷേത്രത്തില്‍ വന്‍ "നിധിശേഖരം" കണ്ടെടുത്തു.

കടലില്‍ മുങ്ങിക്കിടന്ന ക്ഷേത്രത്തില്‍ വന്‍ "നിധിശേഖരം" കണ്ടെടുത്തു.

ഈജിപ്ത് : ഏകദേശം 1200 വര്‍ഷം പഴക്കമുള്ള നഗരത്തിലെ സുപ്രധാനമായൊരു ക്ഷേത്രത്തില്‍ നിന്നു ലഭിച്ച നിധിയുടെ വാര്‍ത്തയാണ് ഏറ്റവും പുതിയത്. മൈലുകളോളം പരന്നു കിടക്കുന്നതായിരുന്നു പുരാതന ഹെറാക്ലിയണ്‍ നഗരം.ഇതില്‍ ഈജിപ്തിന്റെ വടക്കന്‍ തീരത്തായിരുന്നു പര്യവേക്ഷണം.ഈജിപ്തില്‍ നിന്നും യൂറോപ്പില്‍ നിന്നുമുളള ഏകദേശം 2000 മറൈന്‍ ആര്‍ക്കിയോളജിസ്റ്റുകളാണ് ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തോടൊപ്പം ഒട്ടേറെ ചെറുകപ്പലുകളും കണ്ടെത്തിയിരുന്നു. ഇതിനകത്തായിരുന്നു സ്വര്‍ണത്തിലും വെങ്കലത്തിലും തീര്‍ത്ത നാണയങ്ങളും ആഭരണങ്ങളുമെല്ലാം.പ്രശസ്ത പുരാവസ്തു ഗവേഷകനായ ഡോ.ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തില്‍ ഈജിപ്ഷ്യന്‍ തീരത്തു പര്യവേക്ഷണം നടക്കുകയായിരുന്നു.പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം.

 

എന്നാല്‍ കടലിന്റെ ആഴങ്ങളിലേക്ക് ഡൈവ് ചെയ്‌തെത്തിയ സംഘത്തിനു മുന്നില്‍ തെളിഞ്ഞുവന്നത് അദ്ഭുതപ്പെടുത്തുന്ന മറ്റൊരു ലോകം.ഒപ്പം ആ ലോകത്ത് ഒളിപ്പിച്ചു വച്ച ഒട്ടേറെ നിധികളും.കടലിനടിയിലെ പര്യവേക്ഷണം മനുഷ്യനെക്കൊണ്ട് സാധ്യമാക്കുന്നതില്‍ പരിമിതികളുണ്ട്. അതിനാല്‍ത്തന്നെ പ്രത്യേകതരം സ്‌കാനിങ് ഉപകരണങ്ങളായിരുന്നു ഇക്കാര്യത്തില്‍ സഹായിച്ചത്. കണ്ടെത്തിയവയില്‍ വെങ്കല നാണയങ്ങള്‍ ടോളമി രണ്ടാമന്‍ രാജാവിന്റെ കാലത്തെയായിരുന്നു.അതായത് ബിസി 283നും 246നും ഇടയ്ക്കുള്ളത്. സ്വര്‍ണം, വെങ്കലം എന്നിവ കൊണ്ടു നിര്‍മിച്ച കമ്മലുകളും മോതിരങ്ങളും വന്‍തോതില്‍ കണ്ടെത്തി.പുരാതന കാല രേഖകളില്‍ കാണപ്പെട്ടിരുന്ന പ്രശസ്ത കപ്പലുകളുടെ അവശിഷ്ടങ്ങളും ഹെറാക്ലിയണ്‍ നഗരത്തില്‍ പര്യവേക്ഷകര്‍ തേടുന്നുന്നുണ്ട്.ആ അന്വേഷണത്തിലാണ് മണ്‍പാത്രങ്ങളും മറ്റു കരകൗശലവസ്തുക്കളും കണ്ടെത്തിയത്.ഒരു കപ്പല്‍ നിറയെ മണ്‍പാത്രങ്ങളും സ്വര്‍ണവെങ്കല നാണയങ്ങളും ആഭരണങ്ങളുമായിരുന്നു.ഇവയുടെ പഴക്കവും മറ്റു ചരിത്രപ്രാധാന്യവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷകര്‍.ആദ്യം ചില കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണ് പര്യവേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്.കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിര്‍ണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കടലിനടിയിലെന്നു മനസ്സിലായത്.

ഒരു കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഹെറാക്ലിയണ്‍ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു അത്. ഏറെ പ്രശസ്തമായ ഈജിപ്ഷ്യന്‍ നഗരം അലക്‌സാണ്ട്രിയ സ്ഥാപിക്കപ്പെടും മുന്‍പ് ഹെറാക്ലിയണിലൂടെയായിരുന്നു ഈജിപ്ത് അറിയപ്പെട്ടിരുന്നത്.ഗ്രീക്ക് കപ്പലുകളെല്ലാം ഈ നഗരത്തിനോടു ചേര്‍ന്നുള്ള തുറമുഖത്തിലൂടെ മാത്രമേ ഈജിപ്തിലേക്കു പ്രവേശിപ്പിച്ചിരുന്നുള്ളൂ.അതിനാല്‍ത്തന്നെ തിരക്കേറിയ, സമൃദ്ധമായ നഗരമായും ഹെറാക്ലിയണ്‍ മാറി.രാജവംശത്തിന്റെ പ്രധാന ചടങ്ങുകളെല്ലാം നടന്നിരുന്നത് അമുണ്‍ ദേവന്റെ ക്ഷേത്രവും ഈ നഗരത്തിലായിരുന്നു.ബിസി എട്ടാം നൂറ്റാണ്ടിലാണ് ഹെറാക്ലിയണ്‍ നഗരം സ്ഥാപിക്കപ്പെട്ടതെന്നാണു കരുതുന്നത്.എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഈ നഗരം
മറയുകയും ചെയ്തു.ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആ നഗരത്തെപ്പറ്റി അന്നേവരെ പുരാതനകാല ഫലകങ്ങളിലും മറ്റു രേഖകളിലും മാത്രമാണു പരാമര്‍ശമുണ്ടായിരുന്നത്.എന്നാല്‍ ഇന്നത്തെ അബു ഖിര്‍ ഉള്‍ക്കടലില്‍ മറഞ്ഞു കിടക്കുകയായിരുന്നു ഈ പുരാതന നഗരം.അവിടെയായിരുന്നു നാലു വര്‍ഷക്കാലത്തോളം ഗോഡിയോയും സംഘവും.അതിനോടകം കടലിനടിയിലെ നഗരത്തിന്റെ ഒരു ഏകദേശരൂപം അവര്‍ മാപ് ചെയ്‌തെടുത്തു. പിന്നീട് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളും മുങ്ങിക്കിടന്നിരുന്ന കപ്പലുകളുമൊക്കെ പരിശോധിക്കാന്‍ ആരംഭിച്ചു.എങ്ങനെയാണ് ഇത്രയും പ്രശസ്ത നഗരം ഇല്ലാതായതെന്നു വ്യക്തമായിട്ടില്ല.ഇനിയും 200 വര്‍ഷത്തേക്കുള്ള ഗവേഷണം ബാക്കിവച്ചിട്ടുണ്ട് ഈ നഗരം.