മാസ്‌കുകള്‍ ആളെക്കൊല്ലിയോ?

മാസ്‌കുകള്‍ ആളെക്കൊല്ലിയോ?

മാസ്‌ക് വയ്ക്കുന്ന സമയത്ത്  ശ്വാസം വിടുമ്പോള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് തന്നെ വീണ്ടും ശ്വസിക്കുന്നത് ആരോഗ്യത്തെ തകരാറിലാക്കില്ലേ? കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് വയ്ക്കാന്‍ ആരംഭിച്ചത് മുതല്‍ പല കോണുകളില്‍ നിന്നുയര്‍ന്ന സംശയമായിരുന്നു ഇത്. ഇത്തരത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിക്കുന്നതിലൂടെ മാസ്‌കുകള്‍ ആളെക്കൊല്ലിയാകും എന്നു വരെ ചിലര്‍ പ്രചാരണം നടത്തി. 

എന്നാല്‍ ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്നും മാസ്‌കുകള്‍ ഇത്തരത്തില്‍ CO2 വിഷം കലര്‍ത്തലിന് കാരണമാകുന്നതായി തെളിവില്ലെന്നും പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ശ്വാസകോശ രോഗികളെ പോലും അമിതമായ CO2 ശ്വസനത്തിന് അത്തരത്തില്‍ മാസ്‌കുകള്‍ വിധേയരാക്കുന്നില്ലെന്ന് അന്നല്‍സ് ഓഫ് ദ് അമേരിക്കന്‍ തൊറാസിക് സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. 

ആരോഗ്യവാന്മാരായ വ്യക്തികളിലും ശ്വാസകോശ രോഗമുള്ള മുതിര്‍ന്നവരിലും മാസ്‌ക് വയ്ക്കുന്നതിനു മുന്‍പും ശേഷവുമുള്ള ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് അളവുകളിലെ വ്യത്യാസമാണ് പഠനത്തിന് വിധേയമാക്കിയത്. സാരമായ വ്യത്യാസം ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് തോതില്‍ രോഗികളില്‍ പോലും മാസ്‌ക് ഉണ്ടാക്കുന്നില്ലെന്ന് ഇതില്‍ കണ്ടെത്തി. 

ചിലരില്‍ മാസ്‌ക് വയ്ക്കുമ്പോഴുണ്ടാകുന്ന ശ്വാസം മുട്ടലിന് കാര്‍ബണ്‍ ഡയോക്‌സൈഡുമായി ബന്ധമില്ലെന്നും പഠനം പറയുന്നു. പ്രായമായവരും ശ്വാസകോശ രോഗങ്ങളുള്ളവരും ചിലപ്പോള്‍ ശ്വാസം കഴിക്കാന്‍ കൂടുതല്‍ പരിശ്രമം നടത്തേണ്ടതായി വന്നേക്കാം. ഇത് ശ്വാസം മുട്ടലിനോ, ക്ഷീണത്തിനോ ഇടയാക്കിയേക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മിഖായേല്‍ കാംപോസ് പറയുന്നു. 

മാസ്‌ക് വച്ച് കയറ്റം  കയറുമ്പോഴോ, വേഗം നടക്കുമ്പോഴോ ചിലര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. വലിഞ്ഞു മുറുകിയ മാസ്‌ക് വയ്ക്കുന്നവര്‍ക്കും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടാം. നടപ്പിന്റെ വേഗത കുറച്ചും ആളുകളില്‍ നിന്ന് സുരക്ഷിത അകലത്തിലാണെങ്കില്‍ അല്‍പ നേരത്തേക്ക് മാസ്‌ക് താഴ്ത്തിയും ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.