'നഗ്നനാണ് ഉള്ളി' വെറുക്കരുത് !

'നഗ്നനാണ്   ഉള്ളി'   വെറുക്കരുത് !

ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങളൊന്നും ഫെയ്‌സ്ബുക്ക് അനുവദിക്കില്ല. അത് കണ്ടുപിടിക്കാന്‍ പ്രത്യേക അല്‍ഗൊരിതവും ഫെയ്‌സ്ബുക്കിനുണ്ട്. നഗ്നതയാണെന്ന് തിരിച്ചറിയുന്നവെയെല്ലാം ഇങ്ങനെ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്യും. എന്നാല്‍ അടുത്തിടെ വിചിത്രമായൊരു സംഭവം നടന്നു. ലൈംഗികതയുടെ അതിപ്രസരമാണെന്ന് പറഞ്ഞ് ഉള്ളിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ നീക്കം ചെയ്യപ്പെട്ടു. 

സെപ്റ്റംബറിലാണ് ഈ സംഭവം നടന്നത്. 'ദി സീഡ് കമ്പനി ബൈ ഇ ഡബ്ല്യു ഗേസ്' എന്ന ഒരു വിത്ത് വിതരണ സ്ഥാപനത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെക്കപ്പെട്ട പ്രീമിയം വല്ല വല്ല സ്വീറ്റ് ഒനിയന്റെ ചിത്രമാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. 

ചിത്രം ഫെയ്‌സ്ബുക്കിന്റെ നയങ്ങളുടെ ലംഘനമാണെന്നും നഗ്നത അല്ലെങ്കില്‍ ലൈംഗികതയുടെ അതിപ്രസരം ചിത്രത്തിലുണ്ടെന്നും ഫെയ്‌സ്ബുക്ക് പറയുന്നു.

ഫെയ്‌സ്ബുക്കിന്റെ നടപടിയില്‍ ഞെട്ടിയ വില്‍പനക്കാര്‍ തങ്ങള്‍ പങ്കുവെച്ച ഉള്ളിയുടെ ചിത്രവും ഫെയ്‌സ്ബുക്കിന്റെ സന്ദേശവും സ്‌ക്രീന്‍ഷോട്ടെടുത്ത് പങ്കുവെച്ചു. 

ഫെയ്‌സ്ബുക്കില്‍ നിന്ന് ഞങ്ങള്‍ക്കൊരു അറിയിപ്പ് ലഭിച്ചിരിക്കുന്നു. വല്ല വല്ല ഒനിയന്‍ സീഡുകളുടെ ചിത്രത്തില്‍ ലൈംഗിക അതിപ്രസരമുണ്ടെന്നും അതിനാല്‍ അവ ഫെയ്‌സ്ബുക്കില്‍ വില്‍കാനോ പരസ്യം ചെയ്യാനോ പാടില്ലെന്നാണ് അവര്‍ പറയുന്നത്. നിങ്ങളിത് കണ്ടോ? എന്ന കുറിപ്പും സീഡ് കമ്പനി പങ്കുവെക്കുന്നു.

 

 എന്തായാലും ഉള്ളിയുടെ ചിത്രത്തില്‍ നഗ്നത കണ്ടെത്തിയ ഫെയ്‌സ്ബുക്കിന്റെ അല്‍ഗൊരിതം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഉള്ളികളില്‍ ഏത് ശരീരഭാഗമാണ് അല്‍ഗൊരിതം കണ്ടുപിടിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്.