കുടുംബത്തോടെ ജീവനൊടുക്കിയത് കോടികളുടെ സാമ്പത്തിക ബാധ്യത

കുടുംബത്തോടെ ജീവനൊടുക്കിയത് കോടികളുടെ സാമ്പത്തിക ബാധ്യത

വർക്കല: അയന്തിയിൽ ദമ്പതിമാരുടെയും ഏകമകളുടെയും ആത്മഹത്യയിലേക്കു നയിച്ചത്  കോടികളുടെ കടവും അതു വീട്ടാനാകാതെ വന്നതും തുടർന്നുള്ള സമ്മർദവുമാണ് .

കോൺട്രാക്ടറായിരുന്ന അച്ഛന്റെ പാത പിന്തുടർന്ന് ഈ മേഖലയിലെത്തിയ ശ്രീകുമാർ,  മിലിറ്ററി എൻജിനീയറിങ് സർവീസസിലെ വലിയ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സാമ്പത്തികബാധ്യതയിലേക്കും മരണത്തിലേക്കും നയിച്ചത്. നല്ലരീതിയിൽ നടന്നുവന്ന ശ്രീകുമാറിന്റെ കോൺട്രാക്ട് ജോലികൾക്കു കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ് താളപ്പിഴകളുണ്ടായത്.

മിലിറ്ററി എൻജിനീയറിങ്ങിന്റെ ജോലികൾ എ ക്ലാസ് കോൺട്രാക്ടർക്കു മാത്രമാണ് നൽകുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന ജോലികളിൽ ചിലത് സബ് കോൺട്രാക്ട് നൽകും. ശ്രീകുമാറിൽനിന്ന് സബ് കോൺട്രാക്ട് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശിയായ ഒരാൾ ചതിച്ചതാണ് സാമ്പത്തികബാധ്യതയ്ക്കു കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. ആത്മഹത്യാക്കുറിപ്പിലും ഈ സൂചനയുള്ളതായി പോലീസും സ്ഥിരീകരിക്കുന്നു.

ഇയാൾ ഏറ്റെടുത്ത പണി നടത്താതെ സ്പിൽ ഓവറായപ്പോൾ ശ്രീകുമാറിനു പണം മുടക്കി പണി പൂർത്തിയാക്കേണ്ടിവന്നു. ബാങ്കിൽനിന്നു വലിയ തുകയാണ് ഇതിനായി വായ്പയെടുത്തത്. ഇതു തിരിച്ചടയ്ക്കാനാകാത്തതും ബാങ്കിന്റെ സമ്മർദവും കുടുംബത്തെ അലട്ടിയിരുന്നു.

വീടും വസ്തുക്കളും വിൽക്കണമെന്ന് അടുപ്പമുള്ള പലരോടും പറയുകയും അതിനായി ശ്രമിക്കുകയും ചെയ്തെങ്കിലും സാധിച്ചില്ല. സാമ്പത്തിക പ്രയാസങ്ങൾ കൂടിക്കൂടിവന്നതോടെ കുടുംബം വലിയ പ്രയാസത്തിലുമായിരുന്നു. പരിഹാരമുണ്ടായില്ലെങ്കിൽ ജീവനൊടുക്കുമെന്നും അങ്ങനെയാണെങ്കിൽ കുടുംബം ഒന്നിച്ചായിരിക്കുമെന്ന തരത്തിൽ സംസാരിച്ചിരുന്നതായും അടുത്ത ബന്ധുക്കൾ പറയുന്നു

 

 

അച്ഛനും അമ്മയും മകളും പൊള്ളലേറ്റു മരിച്ച നിലയില്‍