കര്‍ഷക സമരം: ജിയോയുടെ മുട്ടിടിക്കുന്നു

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിച്ചു കൊണ്ട് ആഹ്വാനം ചെയ്ത 'ബോയിക്കോട്ട് ജിയോ' റിലയന്‍സിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി. പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല, കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന പല സംസ്ഥാനങ്ങളിലുള്ളവരും ജിയോയുടെ കണക്ഷന് ഉപേക്ഷിക്കാന്‍ തയ്യാറാകുകയാണ്. എന്നാലിപ്പോള്‍ 'ബോയിക്കോട്ട് ജിയോ' പ്രചാരണപരിപാടികള്‍ക്കു പിന്നില്‍ തങ്ങളുടെ എതിരാളികളായ വോഡാഫോണ്‍ ഐഡിയയും, ഭാര്‍തി എയര്ടെല്ലുമാണെന്നും അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ശക്തമായ ഭാഷയില്‍ റിലയന്‍സ് ജിയോ ട്രായിക്കു കത്തു നല്‍കിയിരിക്കുകയാണ്.
അധാര്‍മികമായ രീതിയിലാണ് തങ്ങള്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ നടത്തുന്നതെന്നാണ് ജിയോ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കര്‍ഷക ബില്ലുകള്‍ ജിയോയ്ക്ക് ഗുണകരമായിരിക്കുമെന്ന ബാലിശമായ അപവാദമാണ് തങ്ങള്‍ക്കെതിരെ തങ്ങളുടെ എതിരാളികള്‍ പ്രചരിപ്പിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.ഫരീദാബാദ്, ബഹാദുര്ഗര്, ചണ്ടിഗര്‍, ഫിറോസ്പൂര്‍ തുടങ്ങിയ മേഖലകളിലെല്ലാം നിന്ന് കൂടുതല്‍ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ കൊഴിഞ്ഞു പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരില്‍ ഏറെപ്പേരും എയര്‍ടെല്ലിലേക്കോ വിഐയിലേക്കോ പോകുന്നു.
ഈ പ്രദേശത്തെല്ലാം പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി പ്രതികരിക്കുന്നവരെ കാണാമെന്നാണ് അവിടെ സിം വില്‍ക്കുന്ന കടക്കാര് പറയുന്നത്. ആളുകള്‍ കൂട്ടം കൂട്ടമായി എത്തി പുതിയ സിം ആവശ്യപ്പെടുകയോ, ജിയോയില്‍ നിന്നു പോര്‍ട്ടു ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. ഇന്ത്യന്‍ ടെലികോം മേഖല 5ജിയിലേക്കു കടക്കാനും അടുത്ത ഘട്ടത്തെ സ്വാഗതം ചെയ്യാനും ഒരുങ്ങുന്ന സമയത്താണ് ജിയോയ്ക്കെതിരെ ഈ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഇത് വിപണിയില്‍ ഏകദേശം 40.6 കോടി ഉപയോക്താക്കളുമായി ഒന്നാം സ്ഥാനത്തു നില്ക്കുന്ന ജിയോയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് പലരും ചോദിക്കുന്നത്.