കര്‍ഷക ബില്ലിനെതിരെ ഇന്ന് അഖിലേന്ത്യാ പ്രതിഷേധം; പഞ്ചാബില്‍ റെയില്‍പാളങ്ങള്‍ ഉപരോധിച്ചു

കര്‍ഷക ബില്ലിനെതിരെ ഇന്ന് അഖിലേന്ത്യാ പ്രതിഷേധം; പഞ്ചാബില്‍ റെയില്‍പാളങ്ങള്‍ ഉപരോധിച്ചു

മോദിസര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നു. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍പാളങ്ങള്‍ ഉപരോധിച്ചു. അമൃതസറിലും ഫിറോസ്പുരിലും കര്‍ഷകര്‍ റെയില്‍വേ ലൈനുകളില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 27 വരെ പല ട്രെയിന്‍ സര്‍വീസുകളും  പഞ്ചാബില്‍ റദ്ദാക്കി. മൂന്ന് ദിവസം ട്രെയിന്‍ തടയുമെന്നാണ് പ്രഖ്യാപനം.

അഖിലേന്ത്യാ കിസാന്‍സംഘര്‍ഷ് കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത പ്രതിഷേധദിനാചരണത്തിന് 10 കേന്ദ്ര ട്രേഡ് യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് ഇടതുപാര്‍ടിയുടെ  പിന്തുണയും ഐക്യദാര്‍ഢ്യവും ഉണ്ട്.ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കര്‍ഷകസംഘടനകള്‍ ബന്ദിന് ആഹ്വാനം നല്‍കി.ഹരിയാനയില്‍ 20 മുതല്‍ കര്‍ഷകര്‍ ദേശീയപാതയും സംസ്ഥാനപാതകളും ഉപരോധിക്കുന്നു. കര്‍ണാടകത്തിലും ആന്ധ്രയിലും കര്‍ഷകര്‍ പ്രക്ഷോഭ പാതയിലാണ്.