ബാർ കോഴക്കേസിൽ വെളിപ്പെടുത്തലുമായി മുൻ വിജിലൻസ് ഡയറക്ടർ

ബാർ കോഴക്കേസിൽ വെളിപ്പെടുത്തലുമായി മുൻ വിജിലൻസ് ഡയറക്ടർ

ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ വിന്‍സന്‍ എം. പോള്‍. കേസ് എഴുതി തള്ളാന്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ല. ചെയ്ത ജോലികളില്‍ പൂര്‍ണ തൃപ്തനാണെന്നും സ്ഥാനമൊഴിയുന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം.പോള്‍ പറഞ്ഞു. 

വിജിലന്‍സ് ഡയറക്ടറായിരിക്കെ വന്ന ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ ഇല്ലെന്ന നിപാടില്‍ ഉറച്ചു നില്‍ക്കുന്നു. അന്നു വന്ന ഫയലുകള്‍ പൂര്‍ണമായും പരിശോധിച്ചതാണ്. കേസ് എഴുതി തള്ളാന്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ല.ന്യൂനതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുക്കാനാണ് പറഞ്ഞതെന്നും വിന്‍സന്‍ എം പോള്‍ പറഞ്ഞു.

പോള്‍ മുത്തൂറ്റ് വധക്കേസിലെ എസ് കത്തി പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ടിപി കേസിലെ അന്വേഷണം പൂര്‍ണമായിരുന്നെന്നും വിന്‍സന്‍ എം. പോള്‍ പറഞ്ഞു. അതേസമയം, മന്ത്രി സഭാ രേഖകള്‍ വിവരാവകാശം വഴി നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും വിന്‍സന്‍ എം. പോള്‍ വ്യക്തമാക്കി. 

ബാര്‍ കോഴക്കേസിലെ വിവാദം കത്തി നില്‍ക്കെ അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന്‍റെ വിയോജന കുറിപ്പോടെയാണ് വിന്‍സന്‍ എം.പോള്‍ വിവരാവകാശ കമ്മീഷന്‍റെ പടി കയറിയത്. അഞ്ചു വര്‍ഷം പിന്നിട്ട് പടിയിറങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്‍റെ നിലപാടിൽ നിന്ന് മറിച്ചൊന്നു പോലും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും വിന്‍സന്‍ എം. പോള്‍ പറഞ്ഞു.