ശിശുക്ഷേമസമിതി ഏറ്റെടുത്ത പോക്‌സോ കേസ് ഇരയായ പെണ്‍കുട്ടി മരിച്ചു: ദുരൂഹതയെന്ന് ആരോപണം

ശിശുക്ഷേമസമിതി ഏറ്റെടുത്ത പോക്‌സോ കേസ് ഇരയായ പെണ്‍കുട്ടി മരിച്ചു: ദുരൂഹതയെന്ന് ആരോപണം

കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. അച്ഛന്റെ പീഡനത്തിനിരയായി കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുകയായിരുന്ന പതിനാലുകാരിയാണ് മരിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും ആരോപിച്ചാണ് പ്രതിഷേധം. തുടര്‍ന്ന് തൃക്കാക്കര എസിപി നേരിട്ടെത്തി ചര്‍ച്ച നടത്തി അന്വേഷണം ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസമാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന 14 വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സമിതിയുടെ നിയന്ത്രണത്തിലുള്ള പച്ചാളത്തെ സ്ഥാപനത്തിലാണ് പാര്‍പ്പിച്ചിരുന്നത്. 

എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പനിയും മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതായും മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. അമ്മ സ്ഥലത്തില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം. ഇതാണ് നാട്ടുകാരിലും സംശയമുണര്‍ത്തുന്നത്. അസുഖമായിട്ടും അധികൃതര്‍ ആരെയും വിവരമറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 

കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പൂര്‍ത്തിയായതേയുള്ളൂ. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാതെ മരണ കാരണം അറിയാനാകില്ല. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം എന്നാണ് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌ര വ്യക്തമാക്കുന്നു. ന്യുമോണിയയാണ് മരണകാരണം എന്നാണ് നിഗമനം. കുട്ടി ശ്വാസതടസ്സം നേരിട്ടിരുന്നു. മെഡിക്കല്‍ രേഖകളില്‍ ഇക്കാര്യം വ്യക്തമായെന്നും ഡിസിപി പറഞ്ഞു. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.