കപ്പ കൂടുതല്‍ കഴിക്കാതെ ശ്രദ്ധിക്കണം; പക്ഷെ കപ്പയിലടങ്ങിയിരിക്കുന്ന ഗുണങ്ങളേറെയാണ്, അതറിഞ്ഞു കഴിക്കണം

മലയാളികളുടെ ഇഷ്ടഭക്ഷണമാണ് കപ്പ. പണ്ട് നാടന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ തീന്മേശകളിലെ സ്റ്റാര്‍ ആയിക്കഴിഞ്ഞു. എന്നാല്‍ കപ്പ കഴിക്കുന്നതില്‍ പല ദോഷങ്ങളും നാം പറഞ്ഞുകേട്ടിട്ടുണ്ട്്. കപ്പ കൂടുതല്‍ കഴിക്കാതെ ശ്രദ്ധിക്കണം. ആവശ്യമുള്ളത് മാത്രം കഴിക്കുക. കൂടുതല്‍ കഴിച്ചാല്‍ പാര്‍ശ്വഫലങ്ങളുണ്ടാകാം. കപ്പ നന്നായി കഴുകിയ ശേഷമേ വേവിക്കാവൂ. പല തവണ വെള്ളത്തില്‍ കഴുകിയെടുക്കണം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ കപ്പ ഒഴിവാക്കുന്നതാകും നല്ലത്.അങ്ങനെയങ്ങനെ പലകാര്യങ്ങളും ശ്രദ്ധിക്കണം എന്നാല്‍ ഏറെ ഗുണങ്ങളുമുണ്ട്. കപ്പയുടെ ഗുണങ്ങളറിഞ്ഞ് കഴിച്ചാല്‍ അത് ആരോഗ്യത്തിനും ഗുണം ചെയ്യും.
കാര്‍ബോ ഹൈഡ്രേറ്റ് അഥവാ അന്നജം ധാരാളമടങ്ങിയ പദാര്‍ഥമാണ് കപ്പ,
ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണം. ദഹിക്കാന്‍ വളരെ എളുപ്പവുമാണ്.അനാരോഗ്യകരമായ കൊളസ്ട്രോളോ
പൂരിത കൊഴുപ്പുകളോ ഒന്നുമില്ലാതെതന്നെ ഭക്ഷണത്തില്‍ കാലറി കൂട്ടാന്‍ കപ്പ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
ഹൃദയത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
കപ്പയില്‍ ധാരാളമുള്ള അന്നജം സൂക്രോസിന്റെ രൂപത്തിലാണുള്ളത്. 100 ഗ്രാം കപ്പയില്‍ 7 മുതല്‍ 8 ശതമാനം വരെ അന്നജം അടങ്ങിയിട്ടുണ്ട്. സൂക്രോസ് ഊര്‍ജ്ജമായി മാറുന്നു. കപ്പ ഊര്‍ജ്ജദായകമാണ്. കപ്പയിലെ നാരുകള്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നു.
ബി കോംപ്ലക്സ് വൈറ്റമിനുകളും ഫോളിക് ആസിഡും അടങ്ങിയ കപ്പ, നവജാത ശിശുക്കളില്‍ ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ വരാനുള്ള സാധ്യത തടയും. നാഡികള്‍ക്കുണ്ടാകുന്ന വൈകല്യങ്ങളെ തടയാന്‍ സഹായിക്കുന്നതില്‍ ഫോളിക് ആസിഡും ഒരു പ്രധാന ഘടകമാണ്.
കപ്പയിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനത്തിനു സഹായിക്കുന്നു. കുടലിലെ വേദന ഇല്ലാതാക്കുന്നു, കോളോറെക്ടല്‍ കാന്‍സറില്‍ നിന്ന് സംരക്ഷണമേകുന്നു. മലബന്ധം അകറ്റുന്നു. കപ്പയിലെ അയണ്‍, കാല്‍സ്യം, വൈറ്റമിന്‍ കെ എന്നിവ എല്ലുകള്‍ക്ക് സംരക്ഷണം നല്കുന്നു. വിളര്‍ച്ച തടയുന്നു. കപ്പയില്‍ ഇരുമ്പ് ധാരാളമുണ്ട്.കോപ്പറും ഉണ്ട്. ഇത് അരുണരക്താണുക്കളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്നു.
കപ്പയിലടങ്ങിയ പൊട്ടാസ്യം, രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒരു ധാതുവാണ്. സോഡിയം വളരെ കുറവാണ് കപ്പയില്‍.
ഫോളേറ്റ്, വൈറ്റമിന്‍ ബി തുടങ്ങി മറ്റ് നിരവധി പോഷകങ്ങള്‍ കപ്പയിലുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിന്റെ വികാസത്തിനും ഡി.എന്‍.എ. യുടെ രൂപപ്പെടലിനും ഇത് സഹായകമാണ്. ഗര്‍ഭിണിയെയും ഗര്‍ഭസ്ഥശിശുവിനെയും വിളര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുന്നു. വിളര്‍ച്ചയുള്ള ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് കപ്പ ഉപയോഗിക്കുന്നത് നല്ലതാണ്.
കപ്പ ഗ്ലൂട്ടന്‍ഫ്രീ ആണ്. ഇത് സീലിയാക് ഡിസീസ്, ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി, നട്ട് അലര്‍ജി ഇവയൊന്നും വരുത്തുകയില്ല.