‘ബെവ് ക്യൂ’ ആപ്പിന് ഗൂഗിൾ അനുമതിയില്ല: ഐടി വകുപ്പ് വീണ്ടും വിവാദത്തിൽ

‘ബെവ് ക്യൂ’ ആപ്പിന് ഗൂഗിൾ അനുമതിയില്ല: ഐടി വകുപ്പ് വീണ്ടും വിവാദത്തിൽ

തിരുവനന്തപുരം: മദ്യ വില്‍പ്പനക്കുള്ള ബെവ്കോയുടെ ‘ബെവ് ക്യൂ’ ആപ്പിന് ഗൂഗിൾ അനുമതി നൽകിയില്ല. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനുള്ള അപേക്ഷ ഗൂഗിൾ തള്ളിക്കളഞ്ഞു. പ്രാഥമികമായ ഗുണനിലവാരം പോലും ആപ്പിന് ഇല്ലെന്നാണ് ഗൂഗിൾ  നല്‍കുന്ന വിശദീകരണം. അതേസമയം ആപ്പ് നിര്‍മ്മിക്കാന്‍ സി.പി.എം അനുഭാവിയുടെ കമ്പനിയെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കുകയാണ്.

സി.പി.എം അനുഭാവിയായ രജിത് രാമചന്ദ്രൻ ചീഫ് ടെക്നിക്കൽ ഓഫിസറും ഡയറക്ടറുമായ ‘ഫെയർ കോഡ്’ എന്ന കമ്പനിയെയാണ് ആപ്പ് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.  എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം. കമ്പനിയെ തെരഞ്ഞെടുക്കുന്നതിനായി ഐ.ടി. സെക്രട്ടറി ശിവശങ്കരനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. 27 ഓളം കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തതില്‍ നിന്നും രജിത് രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ‘ഫെയർ കോഡ്’  എന്ന കമ്പനിയെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.