'കോണ്ടം' വില്പനയിൽ വൻ ഇടിവ്, ആശങ്കയിൽ കമ്പനികൾ

'കോണ്ടം' വില്പനയിൽ വൻ ഇടിവ്, ആശങ്കയിൽ കമ്പനികൾ

മാര്‍ച്ച് 25ന് ലോക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം കോണ്ടം വില്‍പ്പന കുതിച്ചുയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 25 മുതല്‍ 50 ശതമാനം വരെയാണ് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഏപ്രില്‍ മാസം എത്തിയപ്പോള്‍ 10 മുതല്‍ 15 ശതമാനം ഇടിവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ലോക്ഡൗണ്‍ നീട്ടിയശേഷം കോണ്ടം വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി ' ദി പ്രിന്റ്' പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കുറവ് ഇന്ത്യക്കാര്‍ സെക്സിലേര്‍പ്പെടുന്നത് കുറഞ്ഞതുകൊണ്ടോ, അല്ലെങ്കില്‍ ലോക്ഡൗണ്‍ കാലത്ത് 'സെക്‌സ്' എന്ന ഏര്‍പ്പാട് അവര്‍ക്ക് മടുത്തു തുടങ്ങിയിട്ടോ ഒന്നുമല്ല. പ്രധാനമായി രണ്ട് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, കോണ്ടം വേണ്ടവര്‍ക്ക് മെഡിക്കല്‍ ഷോപ്പ് വരെ ചെന്നെത്താന്‍ പറ്റുന്നില്ല. രണ്ട്, അച്ഛനമ്മമാരോടൊപ്പം താമസിക്കുന്ന പലരും ഹോം ഡെലിവറി ചെയ്യിക്കാന്‍ മടിക്കുന്ന ഒരുത്പന്നമാണ് കോണ്ടം.

ഗര്‍ഭനിരോധന വില്‍പ്പനയിലെ ഈ താഴ്ന്ന പ്രവണത, നിലവിലുള്ള ലോക്ഡൗണില്‍ അനാവശ്യ ഗര്‍ഭധാരണത്തിനും ഒരുപക്ഷേ സുരക്ഷിതമല്ലാത്ത അലസിപ്പിക്കലുകള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

' ലോക്ഡൗണ്‍ സമയത്ത് ഗര്‍ഭനിരോധന വിഭാഗത്തിലുടനീളമുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും വില്‍പ്പന കുറഞ്ഞു' -  ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്റെ (AIOCD), ജനറല്‍ സെക്രട്ടറി രാജീവ് സിങ്കാല്‍ പറഞ്ഞു. 

കോണ്ടം മുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍, എമര്‍ജന്‍സി ഗുളികകള്‍, ടെസ്റ്റിംഗ് കിറ്റുകള്‍ എന്നിവയുടെ വില്‍പ്പന 10 മുതല്‍ 50 ശതമാനം വരെ ഇടിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ, എഐഒസിഡി പുറത്ത് വിട്ട ഡാറ്റ അനുസരിച്ച്, സിപ്ലയുടെ ഐ പില്‍ ഗുളികകളുടെ വില്‍പന 55 ശതമാനവരെ കുറഞ്ഞതായി സൂചിപ്പിക്കുന്നു.

ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ തോത് കുറഞ്ഞെന്ന് അടുത്തിടെ പ്രമുഖ കോണ്ടം നിര്‍മാതാക്കളായ ഡ്യൂറെക്സ് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലടക്കം കോണ്ടം വില്‍പനയില്‍ വന്‍ ഇടിവുണ്ടായെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

കോവിഡ് രോഗവ്യാപനം കാരണമുള്ള ഉത്കണ്ഠ വര്‍ധിച്ചതാണ് ആളുകളില്‍ ലൈംഗിക താല്‍പര്യം കുറയാന്‍ കാരണമായതെന്ന് ഡ്യൂറക്സ് കോണ്ടം നിര്‍മാതാക്കള്‍ പറയുന്നു. ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ സ്ഥിതിഗതികള്‍ പൂര്‍വ്വാവസ്ഥയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറയുന്നു.