സൂപ്പർ ഓവറിൽ റോയൽസിനു ജയം;വീണ്ടും നിരാശപ്പെടുത്തി കോഹ്ലി 

സൂപ്പർ ഓവറിൽ റോയൽസിനു ജയം;വീണ്ടും നിരാശപ്പെടുത്തി കോഹ്ലി 

സൂപ്പർ ഓവറിലെ അവസാന പന്ത് വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ മുംബെെ ഇന്ത്യൻസിനെ ‌മലർത്തിയടിച്ച് ബംഗളുരു റോയൽ ചലഞ്ചേസ്. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബം​ഗളുരു ഉയർത്തിയ 201 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബെെ ഇഷൻ കിഷന്റെയും (58 പന്തിൽ 99) പൊള്ളാർഡിന്റെയും (24 പന്തിൽ 60) കരുത്തിൽ പൊരുതിയെങ്കിലും അഞ്ച് വിക്കറ്റിന് 201 റൺസെടുത്ത് മത്സരം ടെെ ആക്കാനെ ആയുള്ളു. സൂപ്പർ ഓവറിൽ മുംബെെയെ വരിഞ്ഞ് കെട്ടിയ ബം​ഗളുരു, നവ്‍ദീപ് സെെനിയുടെ ഉ​ഗ്രൻ ബോളിൽ മുംബെെ പോരാട്ടം ഏഴ് റൺസിൽ ഒതുക്കി. ബം​ഗളുരുവിനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കോഹ്‍ലിയും ഡിവില്ലിയേസും അവസാന ബോളിൽ ലക്ഷ്യം കാണുകയായിരുന്നു.

ടോസ് നേടി ബം​ഗളുരുവിനെ ബാറ്റിങ്ങിനയച്ച മുംബെെയുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരായ ദേവ്‍ദത്തും ഫിഞ്ചും ബാറ്റ് വീശിയത്. ആദ്യ വിക്കറ്റിൽ 81 റൺസാണ് ഇരുവരും സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. നായകൻ കോഹ്‍ലി മൂന്ന് റൺസെടുത്ത് പുറത്തായി. റോയൽ ചലഞ്ചേസിനായി ദേവ്‍ദത്തും (40 പന്തിൽ നിന്ന് 54) ഫിഞ്ചും (35 പന്തിൽ നിന്ന് 52) ഡിവില്ലിയേഴ്സും (24 പന്തിൽ നിന്ന് 55 നോട്ടൗട്ട്) അർധ സെഞ്ച്വറി നേടി. മുംബെെക്കായി ട്രൻഡ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ മുംബെെക്കായി കത്തിക്കയറിയ ഇശാൻ കിഷന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു മുംബെെ നിരയുടെ നട്ടെല്ല്. 58 പന്തിൽ നിന്ന് 99 റൺസെടുത്ത കിഷൻ 9 സിക്സും രണ്ട് ഫോറുമാണ് പറത്തിയത്. കളി ജയിക്കാൻ അഞ്ച് റൺസകലെ ഉഡാനയുടെ പന്തിൽ ദേവ്‍ദത്ത് പടിക്കൽ പിടിച്ച് പുറത്താവുകയായിരുന്നു കിഷൻ. നായകൻ രോഹിത് ശർമ എട്ട് റൺസിന് പുറത്തായി. ഹർദിക് പാണ്ഡ്യ 15 റൺസെടുത്തു.