ലോക്ഡൗണ്‍ പത്താഴ്ച തുടരണം:രണ്ടാം വരവ് അതിഭയാനകമെന്നു മുന്നറിയിപ്പ്

ലോക്ഡൗണ്‍ പത്താഴ്ച തുടരണം:രണ്ടാം വരവ് അതിഭയാനകമെന്നു മുന്നറിയിപ്പ്

ലണ്ടന്‍: ഇന്ത്യയില്‍ കുറഞ്ഞതു 10 ആഴ്ചയെങ്കിലും ലോക്ഡൗണ്‍ തുടരണമെന്നും ധൃതി പിടിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നും ലോകത്തിലെ ഏറ്റവും പ്രമുഖ വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ടണ്‍.ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റിച്ചാര്‍ഡിന്റെ മുന്നറിയിപ്പ്. മേയ് മൂന്നിനാണ് നിലവിലുള്ള ലോക്ഡൗണ്‍ അവസാനിക്കുന്നത്.

ഇന്ത്യയില്‍ വാണിജ്യപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതാണ്.എന്നാല്‍ അതിനായി ധൃതി കൂട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്നു റിച്ചാര്‍ഡ് പറഞ്ഞു. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ ധൃതി കൂട്ടി വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടായാല്‍ അത് ആദ്യത്തേതിനേക്കാള്‍ ഗുരുതരമായിരിക്കും.അങ്ങനെയുണ്ടായാല്‍ ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടിവരും.ലോക്ഡൗണിനു വേണ്ടി ഒരുപാട് സമയവും അധ്വാനവും ചെലവിട്ടു കഴിഞ്ഞു.അതു പാഴാക്കരുത്.കഴിയുമെങ്കില്‍ പത്താഴ്ച വരെ ലോക്ഡൗണ്‍ തുടര്‍ന്നു കൊണ്ടുപോകണം.

വൈറസ് വ്യാപനം തടയാന്‍ രാജ്യങ്ങള്‍ ശരിയായ നടപടിയാണു സ്വീകരിക്കുന്നത്. ഇന്ത്യയില്‍ ലോക്ഡൗണ്‍ വിജയകരമാണെങ്കില്‍ പത്താഴ്ചയ്ക്കുള്ളില്‍ രോഗത്തിന്റെ തോത് കുറയുന്നതായി കാണാം.ഈ ഘട്ടം കഴിഞ്ഞാല്‍ സാധാരണ നിലയിലേക്കു മടങ്ങാന്‍ കഴിയും.പിന്നീടു സാമൂഹിക അകലം പാലിക്കല്‍,മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരുന്നതും നല്ലതാണ്.വ്യക്തിശുചിത്വത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും റിച്ചാര്‍ഡ് പറഞ്ഞു.

ചൈനയിലെ വുഹാനില്‍ പത്താഴ്ചയിലേറെ നീണ്ട ലോക്ഡൗണ്‍ കൊണ്ടാണു കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്.ജനുവരി 23 മുതല്‍ ഏപ്രില്‍ ആദ്യം വരെ വുഹാന്‍ അടച്ചിട്ടു.അവരിപ്പോള്‍ പഴയ സ്ഥിതിയിലേക്കു മടങ്ങിയിട്ടുണ്ട്. വൈറസിന്റെ പ്രകൃതം അനുസരിച്ച് സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ അതു സമൂഹത്തില്‍ പടര്‍ന്നുപിടിക്കുമെന്നും റിച്ചാര്‍ഡ് പറഞ്ഞു.പത്താഴ്ച കഴിയുമ്പോള്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ വൈറസ് ബാധയുണ്ടാകുകയുള്ളു.അതുകൊണ്ടു തന്നെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.