കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല;സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല;സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: സുപ്രീംകോടതിയില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. തിങ്കാളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിപ്പിക്കാനിരിക്കെയാണ് സത്യവാങ്മൂലത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലപാട് കോടതിയില്‍ ആവര്‍ത്തിച്ചത്. തിങ്കളാഴ്ചത്തെ വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെ വൈകീട്ടോടെയായിരുന്നു കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. പെട്ടെന്ന് കൊണ്ടുവന്ന ഒരു നിയമം അല്ല ഇത്. രണ്ട് പതിറ്റാണ്ടുകളായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നിട്ടുള്ളത്. രാജ്യത്തെ കര്‍ഷകരില്‍ ബഹുഭൂരിപക്ഷത്തിനും നിയമം സ്വീകാര്യമാണ്. വളരെ ചെറിയൊരു വിഭാഗം മാത്രമാണ് നിയമത്തിനെതിരായി സമര രംഗത്തുള്ളത്. അവരുമായി നിരവധി തവണ ചര്‍ച്ചയ്ക്ക് ശ്രമിച്ചെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

കര്‍ഷകരുമായി ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം, സമരവുമായി ബന്ധപ്പെട്ട് തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കാനും നിയമത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്താനും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നുവെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു. അതേസമയം തിങ്കളാഴ്ച കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രത്തിനിടെ രൂക്ഷമായ പരാമര്‍ശങ്ങളായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സമരം നേരിട്ട കേന്ദ്രസര്‍ക്കാറിന്‍റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീകോടതി കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പക്കണമെന്നും പറഞ്ഞു.