പന്തുരുണ്ടു , ലോക ഫുട്ബാളിൽ ആവേശത്തിൻറെ ആരവം

പന്തുരുണ്ടു , ലോക ഫുട്ബാളിൽ ആവേശത്തിൻറെ ആരവം

ബെർലിൻ : കോവിഡ്‌–-19 ആശങ്കകൾക്കൊടുവിൽ ജർമനിയിൽ പന്തുരുണ്ടതോടെ ലോക ഫുട്‌ബോളിൽ പ്രതീക്ഷ നിറയുന്നു. അടിമുടി മാറിയ അന്തരീക്ഷത്തിലായിരുന്നു ജർമൻ ലീഗിൽ മത്സരങ്ങൾ. ആദ്യദിനം ആറ്‌ മത്സരങ്ങളാണ്‌ നടന്നത്‌. രണ്ടാംദിനം രണ്ടും. ആളൊഴിഞ്ഞ സ്‌റ്റേഡിയത്തിൽ കളിക്കാർ പന്ത്‌ തട്ടി. യൂറോപ്പിലെ മറ്റ്‌ പ്രധാന ലീഗുകൾക്ക്‌ ആശ്വാസം പകരുന്ന കാഴ്‌ചയായിരുന്നു ഇത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌, ഇറ്റാലിയൻ ലീഗ്‌, സ്‌പാനിഷ്‌ ലീഗ്‌ എന്നിവ രണ്ടാഴ്‌ചയ്‌ക്കുശേഷം തുടങ്ങുമെന്നാണ്‌ സൂചന. ഇറ്റലിയിലും സ്‌പെയ്‌നിലും കളിക്കാർ സംഘങ്ങളായുള്ള പരിശീലനം ആരംഭിച്ചു.

ജർമനിയിൽ ആൾക്കാർ കൂടിച്ചേരുന്നതിന്‌ ആഗസ്‌ത് വരെ വിലക്കുണ്ട്‌. സ്‌റ്റേഡിയത്തിൽ ആകെ 320 പേരായിരുന്നു. കർശനനിയന്ത്രണം പാലിച്ചാണ്‌ മത്സരങ്ങൾ നടത്തിയത്‌. കളിക്കാർ, മറ്റംഗങ്ങൾ, ക്ലബ് ഒഫീഷ്യൽസ്‌, മാധ്യമപ്രവർത്തകർ, സുരക്ഷാപ്രവർത്തകർ, മെഡിക്കൽ സംഘം എന്നിവർക്കുമാത്രമായിരുന്നു പ്രവേശം.  സ്‌റ്റേഡിയത്തിൽ മൂന്ന്‌ മേഖലകളായി തിരിച്ചാണ്‌ ഇവർക്ക്‌ ഇരിപ്പിടമൊരുക്കിയത്‌.

കളത്തിൽ കളിക്കാർ തമ്മിൽ ഹസ്‌തദാനമുണ്ടായില്ല. കൂടിച്ചേർന്നുള്ള ഗോൾ ആഘോഷങ്ങൾ ഉണ്ടായില്ല. അകലം പാലിച്ചായിരുന്നു പകരക്കാരുടെ ഇരിപ്പിടങ്ങൾ ഒരുക്കിയത്‌. കളിക്കാർ ഗോൾനേട്ടം പോലും അകലം പാലിച്ച്‌ ആഘോഷിക്കുന്നതിനിടെ‌ ഹോഫെയ്‌ൻഹെയ്‌മിനെതിരായ കളിക്കിടെ ഹെർത ബെർലിൻ താരം ഡെഡ്രിക്‌ ബൊയോട്ട സഹകളിക്കാരൻ മാർകോ ഗ്രുജിച്ചിനെ ചുംബിച്ചത്‌ വിവാദമായി. ഇടവേളയ്‌ക്കിടെയായിരുന്നു സംഭവം. നടപടിയൊന്നുമെടുത്തില്ല. സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നാണ്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌. മത്സരങ്ങളിൽ ആദ്യമായി അഞ്ച്‌ പകരക്കാരെയും പരീക്ഷിച്ചു.