കോവിഡ്  ബാധിതരുടെ ശുക്ലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ചൈനീസ് ഗവേഷകര്‍

കോവിഡ്  ബാധിതരുടെ ശുക്ലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ചൈനീസ് ഗവേഷകര്‍

കോവിഡ്  ബാധിതരുടെ ശുക്ലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ചൈനീസ് ഗവേഷകര്‍. എന്നാല്‍ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് പകരുമോയെന്ന്  പഠനറിപ്പോര്‍ട്ടില്‍ വ്യക്തമല്ല. ചൈനയിലെ 'ഷാങ്ക്യു' മുനിസിപ്പല്‍ ആശുപത്രിയിലാണ് പഠനം നടത്തിയത്. ആശുപത്രിയില്‍ തന്നെ കഴിയുന്ന 38 കോവിഡ് ബാധിതരില്‍ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. ഇതില്‍ ആറ് പേരുടെ ശുക്ലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ രണ്ടുപേര്‍ രോഗമുക്തരായെന്നും നാലുപേര്‍ ഇപ്പോഴും ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ജമാ നെറ്റ്വര്‍ക്ക് ഓപ്പണിലാണ്' പഠനം പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസ് എത്രകാലം ശുക്ലത്തില്‍ നീണ്ടു നില്‍ക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് ഇത് പകരുമോയെന്നും വ്യക്തമല്ല. 'ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി' ജേണലില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കോവിഡ് ബാധിതരായ 34 ചൈനീസ് പുരുഷന്മാരുടെ പഠന ഫലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ ഈ റിപ്പോര്‍ട്ട്. യുഎസില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഗവേഷകരും കോവിഡ് രോഗികളില്‍ മൂന്ന് മാസത്തിനിടെ എട്ടുതവണകളായി നടത്തിയ പരിശോധനകളില്‍ ശുക്ലത്തില്‍ വൈറസിന്റെ അംശം കണ്ടെത്തിയിരുന്നില്ല.