റാബിറ്റ് ഹെമറാജിക്;മുയലുകൾക്ക് ഭീഷണിയായി പുതിയൊരു വൈറസ്

റാബിറ്റ് ഹെമറാജിക്;മുയലുകൾക്ക് ഭീഷണിയായി പുതിയൊരു വൈറസ്

കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്ക പാടുപെടുമ്പോഴാണ് ഒരു പുതിയ വൈറസ് വടക്കേ അമേരിക്കയെ പരിഭ്രാന്തിയിലാഴ്ത്തുന്നത്. റാബിറ്റ് ഹെമറാജിക് എന്ന പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് അവിടമിപ്പോള്‍. ഈ രോഗം മുയലുകളിലാണ് പ്രധാനമായും കണ്ടുവരുന്നത്. രോഗവ്യാപനം ഈ നിലയില്‍ തുടരുകയാണെങ്കില്‍, യുഎസ്സില്‍ ആയിരക്കണക്കിന് മുയലുകളായിരിക്കും ഇല്ലാതാവുക. അവ ഉള്‍പ്പെടുന്ന ആവാസവ്യവസ്ഥയെയും ഇത് ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
 
റാബിറ്റ് ഹെമറാജിക് ഡിസീസ് വൈറസ് ടൈപ്പ് 2 എന്ന വൈറസ് മുയലുകളില്‍ ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്നു. 'ഈ അസുഖം ബാധിച്ചാല്‍ അവ മിക്കവാറും മരണത്തിന് കീഴ്‌പ്പെടാറാണ് പതിവ്', കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് പറയുന്നു. റാബിറ്റ് ഹെമറാജിക് ഡിസീസും കൊവിഡ് -19 ഉം തമ്മില്‍ ചില സാമ്യതകളുണ്ടെന്ന് ന്യൂ മെക്‌സിക്കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിഷ്, വൈല്‍ഡ്ലൈഫ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ഇക്കോളജി വിഭാഗം മേധാവി മാറ്റ് ഗോമ്പര്‍ പറഞ്ഞു. രണ്ടും ഒരു വംശത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യാപിച്ചവയാണെന്നാണ് പറയുന്നത്. കൊറോണ വൈറസ് വവ്വാലുകളില്‍നിന്നാണ് വ്യാപിച്ചതെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. എന്നാലിത്, ഇത് കാട്ടുമുയലുകളില്‍നിന്ന് വളര്‍ത്തുമുയലുകളിലേയ്ക്ക് വ്യാപിച്ചു എന്നാണ് അനുമാനിക്കുന്നത്. പക്ഷേ, എങ്ങനെ, എവിടെ നിന്ന് എന്നത് ഇപ്പോഴും വ്യക്തമല്ല.  

മാംസം വഴിയോ, ആഭ്യന്തര മുയല്‍ വ്യാപാരം വഴിയോ ഈ രോഗം പടര്‍ന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ന്യൂ മെക്‌സിക്കോയും ടെക്‌സാസുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മെക്‌സിക്കോയിലേക്കും ഇത് വ്യാപിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു. അസുഖം  പുതിയതായതിനാല്‍, ഇതിന്റെ പകര്‍ച്ചാനിരക്ക് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. രോഗം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുമോ അതോ യുഎസ്സിലുടനീളം വ്യാപകമായ നാശമുണ്ടാക്കുമോ എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും അറിയില്ല. എന്നാല്‍, ഇത് മനുഷ്യരെ ബാധിക്കില്ല എന്നതൊരാശ്വാസമാണ്.

എന്നിരുന്നാലും, ഇത് പ്രകൃതിക്ക് ഒരു ഭീഷണി തന്നെയാണ്. കാലിഫോര്‍ണിയയിലെ നിരവധി വര്‍ഗ്ഗങ്ങള്‍ വംശനാശഭീഷണി നേരിടുന്നവയോ അപകടസാധ്യതയെ അഭിമുഖീകരിക്കുന്നവയോ ആണ്. മാരകമായ ഈ രോഗം അവയുടെ വീണ്ടെടുക്കല്‍ കൂടുതല്‍ പ്രയാസകരമാക്കും. മുയലുകള്‍ മാത്രമല്ല ഇതുമൂലം കഷ്ടതയനുഭവിക്കുക. മുയലുകളുടെ എണ്ണം കുറയുമ്പോള്‍, അവയെ ഭക്ഷിക്കുന്ന മറ്റ് ജീവികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.