ഒമാനില്‍ കനത്ത മഴ തുടരുന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

ഒമാനില്‍  കനത്ത മഴ തുടരുന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു. വെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. ശക്തമായ കാറ്റോടും ഇടിയോടും കൂടി പെയ്ത മഴ മൂലം സലാലയിലെ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 

ഈ പ്രദേശങ്ങളിലെ റോഡുകളിലെ ഗതാഗതം മുടങ്ങുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ വെള്ളം കയറിയതിനാല്‍  നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനങ്ങളില്‍ കുടുങ്ങിയ നിരവധിപേരെ റോയല്‍ ഒമാന്‍ പൊലീസും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 'സദാ' യിലെ സര്‍ക്കാര്‍  ആശുപത്രിയിലെ രോഗികളെ സലാല ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സമിതിയുടെ യോഗം ഇന്നലെ രാവിലെ കൂടുകയും മഴ മൂലമുണ്ടാകുന്ന  വെള്ളപ്പാച്ചിലുകളെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും ജാഗ്രതയോടു പ്രവര്‍ത്തിച്ചുവരുന്നതായും ദുരന്ത നിവാരണ സേന വ്യക്തമാക്കി .

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒമാനിലെ 'ദോഫാര്‍' അല്‍ വുസ്ത മേഖലയിലേക്ക്  അടുക്കുന്ന ന്യൂന മര്‍ദ്ദം മൂലം ശക്തമായ കാറ്റോടു കൂടിയ കനത്ത മഴ ഞാറാഴ്ച വരെ തുടരുമെന്നും ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. തിരമാലകള്‍ നാലു മുതല്‍ അഞ്ചു മീറ്റര്‍ ഉയരുവാനും  സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കുവാന്‍ റോയല്‍ ഒമാന്‍ പോലീസും ആവശ്യപ്പെട്ടിട്ടുണ്ട് .