ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പദവിയില്‍ നിന്നും ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. യുഎസ് പാര്‍ലമെന്‍റ് ആസ്ഥാനമായ കാപ്പിറ്റോള്‍ മന്ദിരത്തിന് നേരെ കഴിഞ്ഞ ബുധനാഴ്ച നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നീക്കം. ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ആക്രമത്തെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്ന് പ്രമേയത്തില്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളും പ്രമേയത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. അതേസമയം നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ അധികാരമേറ്റെടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നാണ് സൂചന. 25-ാം ഭരണഘടനാഭേദഗതി പ്രകാരമാണ് പുറത്താക്കൽ പ്രമേയം കൊണ്ടുവരുന്നത്. പ്രസിഡന്‍റ് പദവിയില്‍ ട്രംപിന് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും അദ്ദേഹത്തെ ഇംപീച്ച് ചെയ്യുന്നത് ഭാവിയിൽ അദ്ദേഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം നഷ്ടമാകാൻ കാരണമാകും.ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള 25-ാം ഭേദഗതി നടപ്പാക്കണമെന്ന് ഉപരാഷ്ട്രപതി മൈക്ക് പെൻസിനോടും മന്ത്രിസഭയോടും ആവശ്യപ്പെടുന്ന റാസ്കിന്റെ പ്രമേയം പാസാക്കാൻ തങ്ങളുടെ പാർട്ടി ശ്രമിക്കുമെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി ഞായറാഴ്ച ഡെമോക്രാറ്റുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

ഇത് രണ്ടാം തവണയാണ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നീക്കം. കഴിഞ്ഞ വർഷം ട്രംപിനെ ഇംപീച്ച് ചെയ്യാൻ യു.എസ് കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ നടപടിക്രമങ്ങൾ പാലിച്ച് കൂടുതൽ വേഗത്തിൽ ഇംപീച്ച്മെന്റ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഡെമോക്രാറ്റ് നേതാക്കൾ പറയുന്നു. കാപ്പിറ്റോൾ അതിക്രമത്തിൽ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഇത്തവണ ഇംപീച്ച്മെന്റിനെ അനുകൂലിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ജനുവരി ഏഴാം തീയതി നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും ചേരുന്നതിനിടെയായിരുന്നു കാപ്പിറ്റോള്‍ മന്ദ്രിരത്തിന് നേരെ ട്രംപ് അനുകൂലികളുടെ ആക്രമണം ഉണ്ടായത്. പൊലീസ് നിയന്ത്രണം മറികടന്ന് പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റി അകത്തേക്ക് കടന്നതോടെ ഇരു സഭകളും അടിയന്തരമായി നിര്‍ത്തിവെക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.