തീ പാറിയ മത്സരം, സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം

തീ പാറിയ മത്സരം,   സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം

ദുബായ്: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് - കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഡല്‍ഹിക്ക് ജയം. മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെറിഞ്ഞ കാഗിസോ റബാദ കെ.എല്‍ രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കിയിരുന്നു. 

ഡല്‍ഹി ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനും എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മായങ്ക് അഗര്‍വാളിൻ്റെ തകര്‍പ്പന്‍ ഇന്നിങ്‌സിൻ്റെ ബലത്തില്‍ ജയത്തിലേക്ക് കുതിച്ച പഞ്ചാബിന് അവസാന ഓവറില്‍ പിഴച്ചു. 60 പന്തുകള്‍ നേരിട്ട് നാലു സിക്‌സും ഏഴു ഫോറുമടക്കം 89 റണ്‍സെടുത്ത മായങ്ക് അഞ്ചാം പന്തില്‍ പുറത്തായി. ജയിക്കാന്‍ രണ്ടു പന്തില്‍ ഒരു റണ്ണെന്ന ഘട്ടത്തിലായിരുന്നു ഈ പുറത്താകല്‍. അടുത്ത പന്തില്‍ ക്രിസ് ജോര്‍ദനെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് റബാദയുടെ കൈയിലെത്തിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.  ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (21), കരുണ്‍ നായര്‍ (1), നിക്കോളാസ് പുരന്‍ (0), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) എന്നിവരാണ് പുറത്തായത്. 14 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതം മായങ്കിന് മികച്ച പിന്തുണ നല്‍കി.

മത്സരത്തിനിടെ ഡല്‍ഹി താരം ആര്‍. അശ്വിന് പരിക്കേറ്റു.. തൻ്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റെടുത്ത അശ്വിന് അവസാന പന്തില്‍ ഷോട്ട് തടയാൻ   ശ്രമിക്കുന്നതിനിടെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. തോളെല്ല് സ്ഥാനം തെറ്റിയതാണെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ആറാം സ്ഥാനത്തിറങ്ങി തകര്‍ത്തടിച്ച മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഡല്‍ഹിയെ 157-ല്‍ എത്തിച്ചത്. 21 പന്തുകള്‍ നേരിട്ട സ്‌റ്റോയ്‌നിസ് മൂന്നു സിക്‌സും ഏഴു ഫോറുമടക്കം 52 റണ്‍സെടുത്തു. ക്രിസ് ജോര്‍ദൻ്റെ അവസാന ഓവറില്‍ തകര്‍ത്തടിച്ച സ്‌റ്റോയ്‌നിസ് ഡല്‍ഹി സ്‌കോര്‍ 150 കടത്തി. 30 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.